കാല്‍ഗറി ആന്‍ഡേഴ്‌സണ്‍ എല്‍ആര്‍ടി സ്‌റ്റേഷനില്‍ ആണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ ആറ് യുവാക്കളെ പോലീസ് തിരയുന്നു. മാര്‍ച്ച് 3 ന് വൈകിട്ട് ആറ് മണിയോടെ 1105 മക്ലിയോഡ് എസ്ഡബ്ല്യുവിലെ സ്‌റ്റേഷനിലാണ് ആക്രമണം നടന്നത്. എല്‍ആര്‍ടി സ്റ്റേഷനുള്ളിലൂടെ നടക്കുകയായിരുന്ന 14 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെയാണ് ആറ് പേരുള്‍പ്പെടുന്ന യുവാക്കള്‍ ആക്രമണം നടത്തിയത്. ആണ്‍കുട്ടി ധരിച്ചിരുന്ന ഹൂഡിയെക്കുറിച്ച് ചോദിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായതെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ നിന്നും മാറി നടന്നെങ്കിലും സംഘത്തിലെ ഒരാള്‍ തര്‍ക്കമുണ്ടാക്കുകയും ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് ദൃക്‌സാക്ഷിയായൊരാള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. മര്‍ദ്ദനത്തില്‍ നിസാര പരുക്കുകളേറ്റ ആണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യര്‍ത്ഥിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറിലോ ക്രൈംസ്റ്റോപ്പേഴ്‌സിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.