'30 ദിവസത്തിൽ കൂടുതലായോ ഇവിടെ, ഇനി ഇതിവിടെ നടക്കില്ല, ഉടൻ നാടുവിട്ടോളൂ' കർശന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

By: 600007 On: Apr 13, 2025, 12:14 PM

 

വാഷിങ്ടൺ: അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇത്തരത്തിൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് ഭരണകൂടം നിലവിൽ വന്നതിന് ശേഷം കുടിയേറ്റ നയങ്ങളിൽ വലിയ നിയന്ത്രണം കൊണ്ടുവന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവുമായി സര്‍ക്കാര്‍ എത്തുന്നത്. 

ഉടൻ രാജ്യം വിടുക, അല്ലെങ്കിൽ സ്വയം നാടുകടക്കുക, ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസിഡന്‍റ് ട്രംപിന്റെ ഓഫീസിനെയും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി കൃഷി നോയമിനെയും ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തു. അതേസമയം, H-1B അല്ലെങ്കിൽ വിദ്യാർത്ഥി പെർമിറ്റുകൾ പോലുള്ള വിസകളിൽ യുഎസിൽ താമസിക്കുന്നവരെ ഈ തീരുമാനം നേരിട്ട് ബാധിക്കില്ല. 

അതേസമയം, വ്യക്തമായ രേഖകളില്ലാതെ വിദേശ പൗരന്മാര്‍ യുഎസിൽ താമസിക്കുന്നത് തടയാൻ കര്‍ശന നടപടി നടപ്പിലാക്കാനുള്ള സൂചനയാണ് പുതിയ നയം നൽകുന്നത്.  . H-1B വിസയിൽ ഉള്ള ഒരാൾക്ക് ജോലി നഷ്ടപ്പെട്ടിട്ടും നിർദ്ദിഷ്ട കാലയളവിനുള്ളിൽ രാജ്യം വിട്ടു പോകാതിരുന്നാൽ, നടപടി നേരിടേണ്ടി വന്നേക്കാം. അതിനാൽ, വിദ്യാർത്ഥികളും എച്ച് വൺ ബി വിസ ഉടമകളും യുഎസിലെ പുതിയ നിര്‍ദേശത്തിന്റെ പരിധിയിൽ വരുമെന്നതും ആശങ്കയാണ്.