ഒൻ്റാറിയോയിലെ ഇംഗർസോളിലുള്ള ജനറൽ മോട്ടോഴ്‌സ് സിഎഎംഐ അസംബ്ലി പ്ലാൻ്റ് കമ്പനി പൂട്ടാൻ ഒരുങ്ങുന്നു. 1,200 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ബ്രൈറ്റ് ഡ്രോപ്പ് ഇലക്ട്രിക് ഡെലിവറി വാനിൻ്റെ ഉത്പാദനം താല്ക്കാലികമായി നിർത്തുകയും പിന്നീട് കുറച്ചു കൊണ്ട് വരുമെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. കമ്പനിയുടെ ഈ നീക്കം നൂറുകണക്കിന് തൊഴിലാളികളുടെ പിരിച്ചുവിടലിന് കാരണമാകും.
ഏപ്രിൽ 14 മുതൽ താൽക്കാലിക ലേ ഓഫ് ആരംഭിക്കുമെന്നും പരിമിതമായ ഉൽപാദനത്തിനായി മെയ് മാസത്തിൽ തൊഴിലാളികൾ തിരിച്ചെത്തുമെന്നും ജിഎം, ട്രേഡ് യൂണിയൻ സംഘടനയായ യൂണിഫോറിനെ അറിയിച്ചു. തുടർന്ന് 2025 ഒക്ടോബർ വരെ പ്ലാൻ്റിലെ ഉത്പാദനം പൂർണ്ണമായും നിർത്തിവയ്ക്കുമെന്ന് പ്രസ്താവനയിലുണ്ട്. ഈ കാലയളവിൽ, പ്ലാൻ്റ് നവീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യും. 2026 മോഡൽ വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനത്തിനായി സൗകര്യം ഒരുക്കുന്നതിനുള്ള റീടൂളിംഗ് ജോലികളാണ് ഈ സമയത്ത് പൂർത്തിയാക്കാൻ ജിഎം പദ്ധതിയിടുന്നത്. ഒക്ടോബറിൽ ഉത്പാദനം പുനരാരംഭിച്ചുകഴിഞ്ഞാൽ, പ്ലാൻ്റ് കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കും. ഒരു ഷിഫ്റ്റിൽ പരിമിതമായ തൊഴിലാളികളെ മാത്രം നിലനിർത്തിയാകും തുടർന്ന് പ്ലാൻ്റ് മുന്നോട്ട് പോവുക. ഇതിൻ്റെ ഫലമായി ഏകദേശം 500 തൊഴിലാളികൾ അനിശ്ചിതകാല പിരിച്ചുവിടലുകൾ നേരിടേണ്ടിവന്നേക്കും. ഇംഗർസോളിലും പരിസര പ്രദേശങ്ങളിലുമുള്ള, ഈ പ്ലാന്റിനെ ആശ്രയിക്കുന്ന, നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ഇത് കനത്ത പ്രഹരമാണെന്ന് യൂണിഫോർ ദേശീയ പ്രസിഡൻ്റ് ലാന പെയ്ൻ ഒരു പ്രസ്താവനയിൽ പറഞ്ഞു