വീട് ചൂടാക്കുന്നതിനൊപ്പം വാണിജ്യ മേഖലയിലും ഇതേ ആവശ്യത്തിന് ഹൈഡ്രജൻ ഉപയോഗിക്കാനുള്ള ബില്ലിന് പച്ചക്കൊടി നല്കാനൊരുങ്ങി ആൽബെർട്ട . ഈ നീക്കത്തിലൂടെ ഹൈഡ്രജൻ്റെ ആവശ്യകത വർദ്ധിപ്പിക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കാനും കഴിയുമെന്ന് അധികൃതർ പറയുന്നു. ബിൽ പാസായാൽ, യൂട്ടിലിറ്റി കമ്പനികൾക്ക് അവരുടെ പ്രകൃതിവാതക വിതരണത്തിൽ ഹൈഡ്രജൻ കലർത്താൻ അനുവദിക്കും.
ആൽബെർട്ടയുടെ വാർഷിക ഉൽപ്പാദനം ഏകദേശം 2.4 ദശലക്ഷം ടൺ ഹൈഡ്രജൻ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വലിയൊരു അവസരമാണ് തുറക്കുന്നതെന്ന് യൂട്ടിലിറ്റീസ് മന്ത്രി നഥാൻ ന്യൂഡോർഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ബിൽ പാസ്സാകുന്നതോട ഉടൻ തന്നെ എല്ലാ വീടുകളിലും ഉടനടി ഹൈഡ്രജൻ എത്തില്ല. മാത്രമല്ല പ്രകൃതി വാതകത്തിനൊപ്പം ഹൈഡ്രജൻ സംയോജിപ്പിക്കുന്നതിന് ഉപഭോക്താക്കളുടെ സമ്മതവും ആവശ്യമാണ്. തീരുമാനം നടപ്പിലാകണമെങ്കിൽ ഇതിനായുള്ള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കേണ്ടി വരും. ഇത് പ്രകൃതി വാതകവും ഹൈഡ്രജനും ചേർന്ന മിശ്രിതം ഉപയോഗിക്കുന്നവരിൽ മാത്രമെ ഈടാക്കാനും കഴിയൂ. ഇത് പ്രകൃതിവാതകത്തെക്കാൾ ചെലവേറിയതായിരിക്കുമെന്നും യൂട്ടിലിറ്റീസ് മന്ത്രി നഥാൻ ന്യൂഡോർഫ് പറഞ്ഞു. സുരക്ഷയാണ് പ്രധാനം എന്നും ഹൈഡ്രജൻ എളുപ്പത്തിൽ തീപിടിക്കുന്നതും മീഥേനേക്കാൾ സ്ഫോടനത്തിന് സാധ്യതയുമുള്ളതിനാൽ, സ്വീകാര്യമായ മിശ്രിത നിരക്ക് നിശ്ചയിക്കാൻ പ്രവിശ്യ റെഗുലേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ന്യൂഡോർഫ് വ്യക്തമാക്കി . നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷിതമായ അളവായി അഞ്ച് ശതമാനം ഹൈഡ്രജൻ മിശ്രിതം എന്നതാണ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.