ആല്‍ബെര്‍ട്ടയില്‍ കരടികളിറങ്ങുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം 

By: 600002 On: Apr 12, 2025, 1:01 PM

 

 

സ്പ്രിംഗ് സീസണിലും സമ്മര്‍ സീസണിലും കരടികള്‍ ജനവാസ മേഖലകളിലേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവധിക്കാലങ്ങളില്‍ വനപ്രദേശങ്ങളിലും വീടിനു പുറത്തും സമയം ചെലവഴിക്കുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആല്‍ബെര്‍ട്ട ഫോറസ്ട്രി ആന്‍ഡ് പാര്‍ക്ക്‌സും പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസും നിര്‍ദ്ദേശിച്ചു. 

സ്പ്രിംഗ് സീസണില്‍ ഭക്ഷണം തേടി വനങ്ങളില്‍ നിന്നും പുറത്തുവരുന്ന കരടികള്‍ മനുഷ്യനെ ആക്രമിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. സീസണ്‍ തുടക്കത്തില്‍ ഭക്ഷണ സ്രോതസ്സുകള്‍ പരിമിതമായതിനാല്‍ ഈ കാലയളവില്‍ കരടികള്‍ ട്രെയിലുകള്‍, റോഡുകള്‍, ക്യാമ്പ് സൈറ്റുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവടങ്ങളിലേക്കെത്തുന്നു. ഭക്ഷണമന്വേഷിച്ചെത്തുന്ന കരടികള്‍ ഗാര്‍ബേജ് ബിന്നുകളില്‍ ഭക്ഷണം തേടും. അതിനാല്‍ ഗാര്‍ബേജ് ബിന്നുകള്‍ ഭദ്രമായി വെക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ബാക്ക് കണ്‍ട്രി യൂസേഴ്‌സ്, ഹൈക്കേഴ്‌സ്, ക്യാമ്പേഴ്‌സ്, ഫിഷിംഗ് നടത്തുന്നവര്‍ തുടങ്ങിയവരും കരടികളെ സൂക്ഷിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബിയര്‍ ആക്ടിവിറ്റിക്ക് അനുയോജ്യമായ സമയം മെയ് മുതല്‍ ഒക്ടോബര്‍ വരെയാണെന്നും പറയുന്നു. കരടികളെ കാണുകയോ മറ്റ് അപകടകരമായ സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താല്‍ 1-800-642-3800 എന്ന നമ്പറില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് എന്‍ഫോഴ്‌സ്‌മെന്റ് സര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.