ഹാമില്‍ട്ടണില്‍ കാണാതായ ഇന്ത്യന്‍ വംശജയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി; മാലിന്യക്കൂമ്പാരത്തിലെ തിരച്ചില്‍ രണ്ടാഴ്ച കൂടി നീട്ടി 

By: 600002 On: Apr 12, 2025, 11:07 AM

 


കഴിഞ്ഞ ഡിസംബറില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വംശജയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ഹാമില്‍ട്ടണ്‍ പോലീസ്. ശാലിനി സിംഗ്(40) എന്ന സ്ത്രീയെയാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ അന്വേഷണ സംഘം പരിശോധന തുടരുന്നതായി പോലീസ് വക്താവ് അറിയിച്ചു. ഏപ്രില്‍ 18 ന് തിരച്ചില്‍ അവസാനിപ്പിക്കായിരുന്നു തീരുമാനം. എന്നാല്‍ തിരച്ചില്‍ രണ്ടാഴ്ച കൂടി നീട്ടിയതായി ഹാമില്‍ട്ടണ്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 

ശാലിനി കൊല്ലപ്പെട്ടതാകാമെന്നും മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തിലൂടെ നീക്കം ചെയ്തതാണെന്നുമാണ് ഹാമില്‍ട്ടണ്‍ ഹോമിസൈഡ് ഡിറ്റക്ടീവുകളുടെ പ്രാഥമിക നിഗമനം. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്നും ശേഖരിച്ച മാലിന്യം ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്ലിലേക്കാണ് മാറ്റിയത്. ഈ മാലിന്യക്കൂമ്പാരത്തിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. 

2024 ഡിസംബര്‍ 10 നാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയത്. ശാലിനി അവസാനമായി കുടുംബവുമായി സംസാരിച്ചത് ഡിസംബര്‍ 4 നാണ്. അതിനു ശേഷം ശാലിനിയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. കാമുകനൊപ്പം ശാലിനി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.