സ്ട്രീറ്റ് സ്വീപ്പിംഗ്: സ്ട്രീറ്റ് സ്വീപ്പര്‍മാര്‍ക്ക് വാഹനങ്ങള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന് കാല്‍ഗറി സിറ്റി  

By: 600002 On: Apr 12, 2025, 10:33 AM

 


സ്പ്രിംഗ് സീസണില്‍ തെരുവുകള്‍ വൃത്തിയാക്കുന്ന സ്ട്രീറ്റ് സ്വീപ്പര്‍മാര്‍ക്ക് വാഹനങ്ങള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. നഗരത്തിലെ ഏകദേശം 17,000 കിലോമീറ്റര്‍ റോഡുകള്‍ വൃത്തിയാക്കാന്‍ 30 ഓളം സ്ട്രീറ്റ് സ്വീപ്പര്‍മാരുണ്ട്. ശൈത്യകാലത്ത് അടിഞ്ഞുകൂടിയ 50,000 ടണ്ണോളം വരുന്ന ചരല്‍, മണല്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഇവര്‍ നീക്കം ചെയ്യും. വൃത്തിയാക്കല്‍ പരിപാടിക്ക് ഏകദേശം ഏഴ് മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കുകളെന്ന് മൊബിലിറ്റി മെയിന്റനന്‍സ് മാനേജര്‍ ക്രിസ് ഹീവിറ്റ് പറഞ്ഞു. 

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മണി മുതല്‍ 4 മണി വരെ വൃത്തിയാക്കല്‍ നടക്കും. കാലാവസ്ഥയെ ആശ്രയിച്ച് ഈ വര്‍ഷം ഏപ്രില്‍ 14 മുതല്‍ ജൂണ്‍ 20 വരെ പരിപാടി നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൃത്തിയാക്കുന്നതിനായി താമസക്കാര്‍ തെരുവുകളില്‍ നിന്ന് വാഹനങ്ങള്‍ മാറ്റാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിനായുള്ള അറിയിപ്പ് 12 മണിക്കൂര്‍ മുമ്പെങ്കിലും അധികൃതര്‍ നല്‍കും. നിര്‍ദ്ദേശമനുസരിച്ച് വൃത്തിയാക്കുന്നതിനായി വാഹനങ്ങള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന് കാല്‍ഗറി പാര്‍ക്കിംഗ് സൂപ്പര്‍വൈസര്‍ ചാള്‍സ് േ്രഗ പറഞ്ഞു. 120 ഡോളറാണ് പിഴ. കൃത്യസമയത്ത് പിഴ അടയ്ക്കുന്നവര്‍ക്ക്‌ 80 ഡോളറായി കുറയും. കഴിഞ്ഞ വര്‍ഷം സിറ്റി 27,000 ഡോളറിന്റെ പിഴയാണ് ആളുകളില്‍ നിന്ന് ഈടാക്കിയത്. 

സ്ട്രീറ്റ് സ്വീപ്പിംഗ് ഡേ എപ്പോഴാണെന്ന് അറിയാനും ഷെഡ്യൂള്‍ പരിശോധിക്കാനും താമസക്കാര്‍ക്ക് calgary.ca/sweep എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.