ബീജിങ്: ചൈനയെ വിറപ്പിച്ച് കനത്ത ശക്തിയിൽ കാറ്റുവീശുമെന്ന് മുന്നറിയിപ്പ്. വടക്കൻ ചൈനയിൽ ശക്തമായ കാറ്റ് വീശുമെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ പ്രദേശങ്ങളിൽ മണിക്കൂറിൽ 150 കിമീ വരെ വേഗതയിൽ കാറ്റുവീശിയേക്കും. 50 കിലോയിലധികം ഭാരമില്ലാത്തവർ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. ഏപ്രിൽ 11 മുതൽ 13 വരെയാണ് മുന്നറിയിപ്പ് നല്‍കിയത്.
കാറ്റിനെ തുടര്‍ന്ന് മണല്‍ക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. മംഗോളിയായാണ് കാറ്റിന്റെ പ്രഭവകേന്ദ്രം. മംഗോളിയയില്‍ ശൈത്യതരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തിയേറിയ കാറ്റിന് കാരണമെന്നും പറയുന്നു. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച രാത്രി 8 ന് ശേഷം കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്ത് ശനിയാഴ്ച താപനില 12 ഡിഗ്രി സെൽഷ്യസ് കുറയും. കാറ്റിന്റെ വേഗത 1951 ഏപ്രിലിലെ റെക്കോർഡുകളെ മറികടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചൈനീസ് മേഖലയായ ഇന്നർ മംഗോളിയയുടെയും വടക്കുകിഴക്കൻ ചൈനയുടെയും ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും.