വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിച്ച് ജോലി ചെയ്യിപ്പിച്ച വിന്നിപെഗ് നിവാസിയായ ഇന്ത്യൻ വംശജന് തടവും പിഴയും ശിക്ഷ. 43 കാരനായ ഗുർവീന്ദർ സിംഗ് അലുവാലിയയ്ക്ക് ആണ് കോടതി 20 മാസത്തെ വീട്ടുതടങ്കലും 50,000 ഡോളർ പിഴയും ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിനുള്ള പരമാവധി തടവ് ശിക്ഷ രണ്ട് വർഷമാണ്.
ടെമ്പിൾട്ടൺ ഹൈറ്റ്‌സിലെ മൾട്ടി-റെസിഡൻഷ്യൽ നിർമ്മാണ പദ്ധതിക്കായാണ് ഇയാൾ വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിച്ചത്. വർക്ക് പെർമിറ്റ് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഗുർവീന്ദർ സിംഗ് അലുവാലിയ ആളുകളെ അനധികൃതമായി നിയമിച്ചത്. ഇത് സംബന്ധിച്ച് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. അലുവാലിയ റിക്രൂട്ട് ചെയ്തവരിൽപ്പെട്ട ബ്രസീലിയൻ പൗരനെ നാടുകടത്തുകയും ചെയ്തു. 2023 മാർച്ചിലാണ് താൻ കാനഡയിൽ എത്തിയതെന്നും ഏകദേശം അഞ്ച് മാസത്തോളം ആ സ്ഥലത്ത് ജോലി ചെയ്തതായും സാൻ്റോസ് പറഞ്ഞു. ആ വർഷം അവസാനമാണ് സാൻ്റോസും കുടുംബവും വർക്ക് പെർമിറ്റിനായി അധികൃതരെ സമീപിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഗൂർവിന്ദർ പിടിയിലാകുന്നത്. കേസിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നത് ഒഴിവാക്കാൻ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. കുറഞ്ഞത് 14 വിദേശ പൗരന്മാരെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി ജോലി ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. 2010 ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയ ഗുർവിന്ദർ 2019 ൽ കനേഡിയൻ പൗരത്വം നേടിയിരുന്നു.