കാനഡയ്ക്കുള്ളിലെ വിമാനയാത്രകൾ ചെലവേറുന്നു

By: 600110 On: Apr 11, 2025, 1:20 PM

കാനഡയ്ക്കുള്ളിലെ വിമാനയാത്രകൾ ചെലവേറുന്നു. വ്യാപാര യുദ്ധവും അധിനിവേശ ഭീഷണികളും കാരണം നിരവധി കാനഡക്കാരാണ് യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്നത്.  അതേ സമയം തന്നെ കാനഡയ്ക്കുള്ളിലെ ആഭ്യന്തര യാത്രാ നിരക്കും ഉയരുകയാണ്. കാനഡക്കാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കി രാജ്യത്ത് അവധിക്കാലം ആഘോഷിക്കണമെന്ന് ഫെഡറൽ നേതാക്കൾ ആഹ്വാനം ചെയ്തത് കാനഡയ്ക്കുള്ളിലെ യാത്രകൾ കൂടാൻ കാരണമായിട്ടുണ്ട്.  

കാനഡക്കാർ  ടിക്കറ്റുകൾ വാങ്ങുമ്പോൾ, വിമാനത്തിലെ സീറ്റിനും ലഗേജ് ഫീസിനും പുറമെ അധിക ചിലവുകൾ കൂടി നൽകേണ്ടതായി വരുന്നതിനാലാണ് വിമാനക്കൂലി കൂടുന്നത്. എയർലൈനുകൾ പ്രശ്നം കൂടുതൽ വഷളാക്കുകയാണെന്നും, പൊതുവെയുള്ള സാധാരണ ചെലവുകൾക്ക് പുറമേ മറ്റ് പല ചാർജുകളും കൂട്ടിച്ചേർക്കുകയാണെന്നും മക്ഗിൽ സർവകലാശാലയിലെ ഏവിയേഷൻ മാനേജ്‌മെൻ്റ് പ്രൊഫസർ ജോൺ ഗ്രേഡെക് പറഞ്ഞു. അടിസ്ഥാന നിരക്കിന് പുറമേ, മിക്ക എയർലൈനുകളും വിവിധ സർചാർജുകൾ, GST അല്ലെങ്കിൽ HST, എയർ ട്രാവലേഴ്സ് സെക്യൂരിറ്റി ചാർജ്, എയർപോർട്ട് ഇംപ്രൂവ്മെന്റ് ഫീസ്, NAV (കാനഡ) ഫീസ് എന്നിവ ചേർക്കുന്നുണ്ട്. റൗണ്ട് ട്രിപ്പ് ആയാലും സിംഗിൾ ഫ്ലൈറ്റായാലും എല്ലാ ഫ്ലൈറ്റുകളിലും സാധാരണയായി ഈ ഫീസുകൾ ഉൾപ്പെടുത്താറുണ്ട്. കാനഡ റവന്യൂ ഏജൻസിയുടെ കണക്കനുസരിച്ച്, കാനഡയിലെ ഓരോ ഫ്ലൈറ്റിനും $9.46 മുതൽ പരമാവധി $18.92 വരെയാണ് സെക്യൂരിറ്റി ചാർജ്ജ് ആയി  ഈടാക്കുന്നത്. ഇന്ധനം, നാവിഗേഷൻ, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾ നികത്താൻ വേണ്ടി വിമാനക്കമ്പനികൾ സർചാർജുകളും ഈടാക്കുന്നുണ്ട്. ഇത് യാത്രാ തീയതികളെ ആശ്രയിച്ച് വ്യത്യാസപ്പെടും.