ലോവര്‍ മെയിന്‍ലാന്‍ഡിലുടനീളം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതെന്ന് തോന്നിപ്പിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ആളുകളെ വിളിച്ച് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി പോലീസിന്റെ മുന്നറിയിപ്പ്. പോലീസാണെന്ന് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനായി തട്ടിപ്പുകാര്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫോണിലൂടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും തേടുന്നതിനായി പോലീസ് ഉദ്യോഗസ്ഥന്റെ പേരും ബാഡ്ജ് നമ്പറും വ്യാജമായി നിര്‍മ്മിച്ചേക്കാമെന്ന് ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തില്‍ സംശയാസ്പദമായ കോളുകള്‍ ലഭിച്ച 30 ഓളം പരാതികള്‍ ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആളുകള്‍ക്ക് ലഭിക്കുന്ന തങ്ങളുടെ നമ്പറുകള്‍ വ്യാജമാണെന്ന് പോര്‍ട്ട് മൂഡി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും അബോട്ട്‌സ്‌ഫോര്‍ഡ് പോലീസും പറഞ്ഞു.
604-525-5411, 604-859-5225, 604-461-3456 എന്ന നമ്പറുകളില്‍ നിന്ന് കോളുകള്‍ ലഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ സംശയാസ്പദമായ ആളുകള്‍ക്ക് വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മറ്റും നല്‍കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.