ഒന്റാരിയോയില്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി അഞ്ചാംപനി വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച 155 പുതിയ അഞ്ചാംപനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ വ്യക്തമാക്കി. ഇതോടെ പ്രവിശ്യയിലെ അഞ്ചാംപനി കേസുകളുടെ എണ്ണം 816 ആയി ഉയര്‍ന്നു.
അഞ്ചാംപനി ബാധിച്ച 61 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഏജന്‍സി പറഞ്ഞു. ഇതില്‍ 47 പേര്‍ കുട്ടികളാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളാണ് പകര്‍ച്ചവ്യാധി ബാധിച്ചവരില്‍ കൂടുതലെന്നും പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ പറയുന്നു. മിക്ക കേസുകളും ഒന്റാരിയോയുടെ തെക്കുപടിഞ്ഞാറന്‍ പബ്ലിക് ഹെല്‍ത്ത് യുണിറ്റിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാമില്‍ട്ടണ്‍, ടിമ്മിസ്, ഏംഗല്‍ഹാര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത്ഈസ്‌റ്റേണ്‍ എന്നിവടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കുകളിലെ വാക്‌സിനേഷനില്‍ 130 ശതമാനം വര്‍ധനയുണ്ടായതായി ഏജന്‍സി അറിയിച്ചു.