ബിസിയിൽ രണ്ട് നഴ്സുമാർക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൺസർവേറ്റീവ് എംഎൽഎ. ഫ്രേസർ ഹെൽത്ത് അതോറിറ്റിയിൽ രണ്ട് നഴ്സുമാർക്ക് അക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് സറെ ക്ലോവർഡെയ്ൽ എംഎൽഎ എലനോർ സ്റ്റർക്കോ ആശങ്ക പ്രകടിപ്പിച്ചത്. പരിക്കേറ്റ നഴ്സുമാരിൽ ഒരാൾ തിരികെ ജോലിക്ക് ഹാജരായേക്കില്ലെന്നും കൺസർവേറ്റീവ് എംഎൽഎ പറഞ്ഞു.
ആരോഗ്യ രക്ഷാ മേഖലയിൽ വേണ്ടത്ര ജോലിക്കാരില്ലാത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്ന് എലനോർ സ്റ്റർക്കോ പറഞ്ഞു. നഴ്‌സുമാരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ് മുന്നിലുള്ളത്. പരിചരണ പങ്കാളിയില്ലാതെ ഒരു രോഗിയെ ഒറ്റയ്ക്ക് ചികിത്സിക്കണോ, അതോ ആരെങ്കിലും സഹായിക്കാൻ എത്തുന്നത് വരെ കാത്തിരുന്ന് ചികിത്സ വൈകിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടി വരുന്നത് നഴ്സുമാരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചികിത്സ വൈകിയാൽ അവർക്കെതിരെ ആരോപണങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒറ്റയ്ക്ക് ചികിത്സ നല്കാൻ തയ്യാറായാൽ, ഒരുപക്ഷേ ആക്രമിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്, എംഎൽഎ എലനോർ സ്റ്റർക്കോ പറയുന്നു. സംഭവത്തിൽ വർക് സേഫ് ബിസിയുടെ അന്വേഷണം അപര്യാപ്തമെന്നും എലനോർ സ്റ്റർക്കോ ആരോപിച്ചു.
എന്നാൽ സ്റ്റർക്കോയുടെ പരാതികൾ കൂടുതൽ പരിശോധിച്ചുവരികയാണെന്നും തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണെന്നും വർക് സേഫ് ബിസി പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യ പരിപാലന തൊഴിലാളികളുടെ മൊത്തത്തിലുള്ള സുരക്ഷയ്ക്കായി നടപടികളെടുക്കാനും കേസുകൾ അവലോകനം ചെയ്യാനും ആവശ്യപ്പെട്ട് ബി.സി.യുടെ ഓംബുഡ്‌സ്‌പേഴ്‌സണിന് കത്തെഴുതിയതായി സ്റ്റർക്കോ അറിയിച്ചു