കാനഡയ്ക്കുള്ള താരിഫ് താൽക്കാലികമായി മരവിപ്പിക്കാത്തതിനെ അപലപിച്ച് കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവർ. കാനഡയുടെ താരിഫ് നിലനിർത്തുകയും അതേസമയം മറ്റ് ഡസൻ കണക്കിന് രാജ്യങ്ങളുടെ താരിഫുകൾ 90 ദിവസത്തേക്ക് താൽക്കാലം മരവിപ്പിക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മിൽട്ടണിൽ നടന്ന പ്രചാരണ പരിപാടിയിൽ പൊയ്‌ലിവർ പറഞ്ഞു.
അമേരിക്കയുടെ ഉറ്റ സുഹൃത്തല്ലാത്ത മറ്റ് ഡസൻ കണക്കിന് വിദൂര രാജ്യങ്ങളേക്കാൾ മോശമായി പ്രസിഡൻ്റ് കാനഡയോട് പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് പൊയ്‌ലിവർ പറഞ്ഞു. കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കാനഡയുടെ താരിഫ് അതേപടി തുടരുമെന്ന് അറിയിക്കുകയായിരുന്നു. കാനഡയ്ക്കു മേലുള്ള യുഎസ് താരിഫുകൾ മാറ്റമില്ലാതെ തുടരുമ്പോഴും, സാഹചര്യത്തെ താല്ക്കാലിക ആശ്വാസം എന്ന് വിശേഷിപ്പിച്ച ലിബറൽ നേതാവ് മാർക്ക് കാർണിയെയും പൊയ്‌ലിവർ വിവർശിച്ചു. പ്രധാനമന്ത്രി കാർണി അധികാരമേറ്റപ്പോഴുള്ളതിനേക്കാൾ കൂടുതൽ അമേരിക്കൻ താരിഫുകൾ ഇന്ന് കാനഡയ്ക്കുമേൽ ഉണ്ടെന്ന് പൊയിലീവർ പറഞ്ഞു. ട്രംപിനെ ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. പക്ഷെ നമുക്ക് കാനഡയിലെ കാര്യങ്ങളിൽ മാറ്റമുണ്ടാക്കാൻ കഴിയും. കാർണിയുടെ ഉപദേശം അനുസരിച്ച് ജസ്റ്റിൻ ട്രൂഡോ നടപ്പാക്കിയ നയങ്ങളാണ് കാനഡയുടെ സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയതെന്നും പൊയിലീവർ ആരോപിച്ചു.