സ്വന്തം കേസ് വാദിക്കാൻ വാദി എഐ അവതാറിനെ ഉപയോഗിച്ചതിൽ ദേഷ്യം കയറിയ ജഡ്ജി കേസ് നിർത്തിവച്ചു. ന്യൂയോർക്ക് അപ്പീൽ കോടതി ജഡ്ജിയാണ് നടപടിക്രമങ്ങൾ പാതിവഴിയിൽ നിർത്തിവെച്ചത്. ഓൺലൈനായി നടന്ന കോടതി നടപടിക്രമങ്ങൾക്കിടയിൽ പാനലിന് മുന്നിൽ തന്‍റെ കേസ് വാദിക്കാൻ 74 -കാരനായ ഒരു വാദി എഐ അവതാർ ഉപയോഗിച്ചതാണ് ജഡ്ജിയെ രോക്ഷാകുലനാക്കിയത്
ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ വേളയിലാണ് വാദി ജെറോം ഡെവാൾഡ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്‍റെ വാദം അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി അപ്പലേറ്റ് ഡിവിഷന്‍റെ ഫസ്റ്റ് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റിന് മുന്നിൽ അദ്ദേഹം ഹാജരായപ്പോഴാണ് സംഭവം. കോടതി നടപടിക്രമങ്ങളുടെ വീഡിയോ കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്.
ജെറോം ഡെവാൾഡിന്‍റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു എഐ അഭിഭാഷകന്‍റെയും രൂപം. എഐ അഭിഭാഷകൻ കോടതിയിൽ വാദം ആരംഭിച്ചതും സംശയം തോന്നിയ ജഡ്ജി ഈ മനുഷ്യൻ തന്‍റെ അഭിഭാഷകനാണോയെന്ന് ഡെവാൾഡിനോട് ചോദിക്കുന്നു. അതിന് മറുപടിയായി, കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുന്നതിനായി താൻ സൃഷ്ടിച്ച ഒരു എഐ അവതാറാണ് അതെന്ന് ജെറോം ഡെവാൾഡ് വ്യക്തമാക്കിയത്. അതോടെ രോഷാകുലനായ ജഡ്ജി കോടതി നടപടി ക്രമങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ തന്‍റെ ഭാഗത്താണ് തെറ്റെന്നും കോടതിയോടും ജഡ്ജിമാരോടും ക്ഷമാപണം നടത്തിയതായും ജെറോം ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവേ പറഞ്ഞു. കോടതിയെ വഞ്ചിക്കാനായിരുന്നില്ല താൻ അത്തരത്തിലൊരു പ്രവർത്തി ചെയ്തുതൊന്നും മറിച്ച് തന്‍റെ വാദങ്ങൾ കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുന്നതിനാണ് അങ്ങനെയൊരു സൃഷ്ടി നടത്തിയതെന്നും ജെറോം കൂട്ടിച്ചേർത്തു.