മെറ്റയുടെ മാസ്റ്റർ പ്ലാൻ, രക്ഷിതാക്കൾക്ക് ടെൻഷൻ കുറയും, കൗമാരക്കാർക്ക് ഫേസ്ബുക്കിലും മെസഞ്ചറിലും വൻസുരക്ഷ

By: 600007 On: Apr 10, 2025, 1:06 PM

 

 

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മെറ്റാ. കഴിഞ്ഞ വർഷം കമ്പനി ഇൻസ്റ്റാഗ്രാമിൽ ഇത്തരം ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു.  ഇവ ഇനിമുതൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൗമാരക്കാർക്ക് ആർക്കൊക്കെ സന്ദേശങ്ങൾ അയയ്ക്കാമെന്നും അവർക്ക് ഏതുതരം ഉള്ളടക്കം കാണാമെന്നും നിർണ്ണയിക്കുന്നതിന് ഉൾപ്പെടെ ഈ അക്കൗണ്ടുകളിൽ വലിയ സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.

കുട്ടികൾ ഈ ഫീച്ചർ സ്വീകരിക്കുന്നുണ്ടെന്നും ഇത് ഫലപ്രദമാണെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഈ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിലെ കൗമാരക്കാരുടെ അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ പറഞ്ഞു.ഇപ്പോൾ മെറ്റാ ഫേസ്ബുക്കിനും മെസഞ്ചറിനും ഇതേ പരിരക്ഷകൾ നൽകുന്നു. ഫേസ്ബുക്കിലും മെസഞ്ചറിലും ടീൻ അക്കൗണ്ടുകൾ സൃഷ്‍ടിക്കുന്നത് കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കും. അനുചിതമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അപരിചിതരുമായി ബന്ധപ്പെടുന്നത് തടയുന്നതിനും ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനും ഇൻസ്റ്റാഗ്രാമിന് സമാനമായ സുരക്ഷാ സവിശേഷതകൾ ഈ അക്കൗണ്ടുകളിൽ ഉണ്ടായിരിക്കും.

കൗമാരക്കാരുടെ പോസ്റ്റുകൾ ആർക്കൊക്കെ ടാഗ് ചെയ്യാമെന്നും കമന്‍റ് ചെയ്യാമെന്നും ഈ ഫീച്ചർ പരിമിതപ്പെടുത്തും. ഇതിനായി ടീൻ അക്കൗണ്ടുകളിൽ സ്വകാര്യതാ നിയന്ത്രണങ്ങൾ സജ്ജീകരിച്ചിരിക്കും. നേരിട്ടുള്ള സന്ദേശമയയ്ക്കൽ ഫീച്ചറുകളും പരിമിതപ്പെടുത്തിയിരിക്കും. അതായത് കൌമാരക്കാർത്ത് തങ്ങളുടെ ഫേസ്‍ബുക്ക്, മെസഞ്ചർ അക്കൌണ്ടുകൾ ഉപയോഗിച്ച് നേരത്തെ അറിയാവുന്ന ആളുകളുമായി മാത്രമേ സംസാരിക്കാൻ സാധിക്കൂ. ടീൻ അക്കൌണ്ടുകളിൽ സെൻസിറ്റീവ് കണ്ടന്‍റ് ഫിൽട്ടറുകൾ ഡിഫോൾട്ടായി സജ്ജീകരിച്ചിരിക്കും.

മാതാപിതാക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ എന്ന് മെറ്റാ പറയുന്നു. കമ്പനി അടുത്തിടെ നടത്തിയ ഒരു സർവേയിൽ, യുഎസിലെ 94 ശതമാനം രക്ഷിതാക്കളും കൗമാര അക്കൗണ്ടുകൾ സഹായകരമാണെന്ന് വിശ്വസിക്കുന്നു.  85 ശതമാനം പേർ പറയുന്നത് ഈ പരിരക്ഷകൾ തങ്ങളുടെ കുട്ടികൾക്ക് ഓൺലൈനിൽ മികച്ച അനുഭവങ്ങൾ ഉറപ്പാക്കുന്നുവെന്നാണ്. ഈ മാസം മുതൽ, യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ കൗമാര അക്കൗണ്ടുകൾ ലഭ്യമാകും. താമസിയാതെ ആഗോളതലത്തിലേക്ക് ടീൻ അക്കൌണ്ടുകൾ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.