കനേഡിയന്‍ പൗരത്വ അപേക്ഷാ ഫീസ് 20 ശതമാനം വര്‍ധിപ്പിച്ചു 

By: 600002 On: Apr 10, 2025, 12:33 PM

 

 


സ്ഥിരതാമസക്കാര്‍ക്ക് കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് ഫീസ് വര്‍ധിപ്പിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) അറിയിച്ചു. മാര്‍ച്ച് 31 മുതല്‍ ഫീസ് വര്‍ധന നിലവില്‍ വന്നു. ഫീസില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 31 നോ അതിന് ശേഷമോ കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിച്ച അല്ലെങ്കില്‍ അപേക്ഷിക്കുന്ന സ്ഥിരതാമസക്കാര്‍ ഇപ്പോള്‍ 119.75 ഡോളര്‍ ഫീസ് അടയ്ക്കണം. ഇതിന് മുമ്പ് 100 ഡോളറായിരുന്നു ഫീസ്. മാര്‍ച്ച് 31 ന് അര്‍ധരാത്രിക്ക് മുമ്പ് കനേഡിയന്‍ പൗരത്വ അപേക്ഷ ഓണ്‍ലൈനായി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തവര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. 

കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് 18 വയസ്സും അതില്‍ കൂടുതലമുള്ള സ്ഥിരതാമസക്കാര്‍, 530 ഡോളര്‍ പ്രോസസിംഗ് ഫീസ്, 119.75 ഡോളര്‍ റൈറ്റ് ഓഫ് സിറ്റിസണ്‍ഷിപ്പ് ഫീസ് എന്നിങ്ങനെ രണ്ട് ഫീസ് അടയ്ക്കണം. കനേഡിയന്‍ പൗരന് ജനിച്ച പൗരത്വമില്ലാത്ത മുതിര്‍ന്നവരും വര്‍ധിച്ച പൗരത്വ ഫീസ് നല്‍കണം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍(18 വയസ്സിന് താഴെയുള്ളവര്‍) പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ 100 ഡോളര്‍ പ്രോസസിംഗ് ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.