അഞ്ചാം പനി വ്യാപിക്കുന്നു: പൂര്‍ണമായി വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളെ ഒന്റാരിയോ സ്‌കൂളുകള്‍ സസ്‌പെന്‍ഡ് ചെയ്തു തുടങ്ങി 

By: 600002 On: Apr 10, 2025, 12:15 PM

 

 

പ്രവിശ്യയില്‍ അഞ്ചാംപനി വ്യാപകമാകുന്നതിനാല്‍ ഒന്റാരിയോയിലെ സ്‌കൂളുകളില്‍ കര്‍ശന നടപടികള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പൂര്‍ണമായും വാക്‌സിനെടുക്കാനെടുക്കാത്ത വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ഇമ്മ്യൂണൈസേഷന്‍ റെക്കോര്‍ഡ് സിസ്റ്റം ഡിജിറ്റൈസ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകള്‍ പുറത്താക്കുമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. 

ഏകദേശം 10,000 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വാക്‌സിനേഷനുകള്‍ സംബന്ധിച്ച് വ്യക്തമായ അറിവില്ലെന്നാണ് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് പറയുന്നത്. കൂടാതെ, ഗ്രേഡ് 11 ലെ 173 വിദ്യാര്‍ത്ഥികളുടെ ആദ്യ ഗ്രൂപ്പിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്യുമെന്നും പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. മൊത്തം 574 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവുകള്‍ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ നടപടികള്‍ മെയ് വരെ ടൊറന്റോ ഹൈസ്‌കൂളുകളിലുടനീളം തുടരുമെന്ന് ഏജന്‍സി വ്യക്തമാക്കി. വാക്‌സിനേഷനെടുത്തതിന്റെ തെളിവ് സമര്‍പ്പിക്കുകയോ സാധുവായ ഇളവ് പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ ഒഴിവാക്കാനും സ്‌കൂളുകളിലേക്ക് മടങ്ങാനും കഴിയുമെന്ന് ടിപിഎച്ച് അറിയിച്ചു. ഇമ്യൂണൈസേഷന്‍ ഓഫ് സ്‌കൂള്‍ പ്യൂപ്പിള്‍സ് ആക്ട് പ്രകാരം അഞ്ചാംപനി, വില്ലന്‍ ചുമ, ടെറ്റനസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്കെതിരെവിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.  

പ്രവിശ്യയിലെ ഭൂരിഭാഗം ആളുകളും ഇപ്പോഴും അവരുടെ കുത്തിവെപ്പുകളെടുത്തതിന്റെ രേഖകള്‍ പേപ്പറിലാണ് സൂക്ഷിക്കുന്നത്. ഇത് മാറ്റി ഡിജിറ്റൈസ് ചെയ്യാന്‍ ഒന്റാരിയോ ഇമ്മ്യൂണൈസേഷന്‍ അഡൈ്വസറി കമ്മിറ്റി ആരോഗ്യ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു.