കാനഡയിൽ സ്വന്തമായി തോക്കുള്ള യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

By: 600110 On: Apr 10, 2025, 12:08 PM

 

കാനഡയിൽ തോക്ക് നിരോധനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ വോട്ടിംഗ് പ്രായം കടന്ന യുവ തോക്ക് ഉടമകളുടെ എണ്ണത്തിൽ വർധനവ്.  കാനഡയിലേക്ക് എത്തുന്ന യുഎസ് ശൈലിയിലുള്ള തോക്ക് സംസ്കാരം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് യുവാക്കളെയാണ് എന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം ഏകദേശം 60,000 പേരാണ് തോക്ക് ലൈസൻസ് നേടിയത്.   ഇതിൽ ഏകദേശം 7,500 പേർ 30 വയസ്സിന് താഴെയുള്ളവരായിരുന്നു. 

ആർ‌സി‌എം‌പി ഡാറ്റ പ്രകാരം, 2023 നും 2024 നും ഇടയിൽ 10 നും 19 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തോക്ക് ലൈസൻസ് അപേക്ഷകളിൽ 11 ശതമാനം വർദ്ധനവ് ഉണ്ടായി. ആകെ 9,654 പുരുഷന്മാരും 1,778 സ്ത്രീകളുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.  20 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപേക്ഷകളിൽ മൂന്ന് ശതമാനവും 30 വയസും അതിൽ കൂടുതലുമുള്ളവരുടെ അപേക്ഷകളിൽ 2.5 ശതമാനവും വർധനവുണ്ടായതായി ആർ‌സി‌എം‌പി പറയുന്നു. 12 നും 17 നും ഇടയിൽ പ്രായമുള്ള അപേക്ഷകർക്ക് കനേഡിയൻ തോക്ക് സുരക്ഷാ കോഴ്‌സും തോക്ക് നിയമത്തിലെ സെക്ഷൻ 7 അനുസരിച്ചുള്ള പരിശോധനകളും പാസ്സായാൽ, പ്രായപൂർത്തിയാകാത്തവർക്കുള്ള തോക്ക് ലൈസൻസ് ലഭിക്കും. 18 വയസ്സ് തികഞ്ഞാൽ, അവർ ഒരു പൊസഷൻ ആൻഡ് അക്വിസിഷൻ ലൈസൻസിന്  അപേക്ഷിക്കേണ്ടതുണ്ട്.  തോക്ക് നിരോധനം തോക്ക് ബിസിനസുകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാഷണൽ ഫയർ ആംസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.   അതേസമയം തോക്ക് ഉപയോഗിച്ചുള്ള അക്രമാസക്തമായ  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്ത തോക്ക് ഉടമകൾ അല്ലെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകളിലുള്ളത്.