സ്‌കൈട്രാക്‌സ് റാങ്കിംഗ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ വാന്‍കുവര്‍ വിമാനത്താവളം 13 ആം സ്ഥാനത്ത് 

By: 600002 On: Apr 10, 2025, 11:23 AM

 

ഈ വര്‍ഷത്തെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളില്‍ കാനഡയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളം(YVR)13 ആം സ്ഥാനത്ത്. മുന്‍ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് 13 ാം സ്ഥാനത്തേക്കെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഹെല്‍സിങ്കി-വാന്റ വിമാനത്താവളത്തിനും തൊട്ടുപിന്നിലും ഇസ്താംബുള്‍ വിമാനത്താവളത്തിനും വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനും മുന്നിലുമാണ് വാന്‍കുവറിന്റെ സ്ഥാനം. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച വിമാനത്താവളം കൂടിയാണ് വാന്‍കുവര്‍. 2022 ന് മുമ്പ് വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന സ്ഥാനം 12 വര്‍ഷം തുടര്‍ച്ചയായി നേടിയിരുന്നു. 2024 ല്‍ വടക്കേ അമേരിക്കയിലെ രണ്ടാമത്തെ മികച്ച വിമാനത്താവളമായിരുന്ന സിയാറ്റില്‍-ടകോമ അന്താരാഷ്ട്ര വിമാനത്താവളം(SEA) ഈ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

20 മില്യണ്‍ മുതല്‍ 30 മില്യണ്‍ വരെ യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലും വാന്‍കുവര്‍ വിമാനത്താവളമാണ് മുന്നില്‍. വാര്‍ഷിക യാത്രക്കാരുടെ എണ്ണത്തില്‍ സ്‌കൈട്രാക്‌സ് റാങ്കിംഗില്‍ രണ്ടാംസ്ഥാനമുണ്ട്. സൂറിച്ച് വിമാനമാണ് വാന്‍കുവറിന് പിന്നില്‍. വിയന്ന വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2024 ല്‍ വാന്‍കുവര്‍ വിമാനത്താവളത്തിലെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 26.2 മില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്.