ബിസിയിൽ 100 മൊബൈൽ ഫോൺ ബാറ്ററികൾ പൊട്ടിത്തെറിച്ചതോടെ മാലിന്യ ട്രക്കിന് തീപിടിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എൻഡർബി നഗരത്തിലാണ് സംഭവം ഉണ്ടായത്. പതിവ് മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി കൊണ്ടുപോവുകയായിരുന്ന വേസ്റ്റ് ബിനിൽ, പൊതിഞ്ഞ നിലയിലായിരുന്നു ബാറ്ററികൾ.
വാഹനത്തിനുള്ളിൽ മാലിന്യം കംപ്രസ് ചെയ്തപ്പോൾ മൊബൈൽ ഫോൺ ബാറ്ററികൾക്ക് തീപിടിക്കുകയായിരുന്നു. മാലിന്യ ട്രക്ക് ഓപ്പറേറ്ററുടെയും സമീപവാസികളുടെയും അവസരോചിതമായ പ്രവർത്തനത്തനങ്ങളാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനത്തിൽ നിന്ന് ബാറ്ററികൾ നീക്കം ചെയ്യുക വഴി വലിയ തീപിടിത്തമാണ് ഒഴിവായതെന്ന് എൻഡർബി നഗരം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. അപകടകരമായ വസ്തുക്കൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചുമുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ഈ സംഭവം.