തിരിച്ചറിയൽ കാർഡും പി.ആർ കാർഡും മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് കനേഡിയൻ സ്ഥിര താമസക്കാരി ലണ്ടനിൽ കുടുങ്ങി. ഹെലൻ ബോബറ്റ് എന്ന വനിതയുടെ പഴ്‌സാണ് ലണ്ടനിലെ തെരുവിൽ വെച്ച് മോഷ്ടിക്കപ്പെട്ടത്. സ്ഥിര താമസ കാർഡ് ഇല്ലാതെ, കാനഡയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടായതിന് പുറമെ നിരവധി പ്രതിസന്ധികളാണ് അവർ നേരിട്ടത്.
രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനായി മാർച്ച് പകുതിയോടെയാണ് ബോബറ്റ് ഇംഗ്ലണ്ടിൽ എത്തിയത്. അഞ്ച് ദിവസം ഇംഗ്ലണ്ടിൽ തങ്ങാനായിരുന്നു പദ്ധതി. പ്രമേഹത്തിനും മറ്റ് അസുഖത്തിനുള്ള മരുന്ന് ഇംഗ്ലണ്ടിൽ നിന്ന് ബോബറ്റിന് വാങ്ങാനും ഉണ്ടായിരുന്നു. എന്നാൽ പേഴ്സ് മോഷ്ടിക്കപ്പെട്ടതോടെ മടക്കയാത്ര നീളുകയായിരുന്നു. പിആർ കാർഡ് ഇല്ലാതെ ബോബറ്റിന് കാനഡയിലേക്ക് തിരികെ പോകാൻ കഴിയില്ല, പകരം മറ്റൊന്നിന് അപേക്ഷിക്കണമെങ്കിൽ ബോബറ്റ് കാനഡയിലായിരിക്കണം. യുകെയിൽ സ്ഥിര താമസാവകാശമുള്ളവരും ബ്രിട്ടീഷ് പൗരത്വം ഇല്ലാത്തവരുമായ വ്യക്തികൾക്ക് നൽകുന്ന സ്ഥിരം യാത്രാ രേഖ നേടുകയാണ് മറ്റൊരു പോംവഴി. എന്നാൽ കാനഡ സർക്കാരിൻ്റെ ഓൺലൈൻ പോർട്ടൽ വഴി സാങ്കേതിക തടസ്സങ്ങൾ മറികടന്ന് ഇത് നേടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
കാനഡ പോർട്ടലിലെ സാങ്കേതിക പ്രശ്നം കാരണം അവർക്ക് ഒരു രീതിയിലുള്ള അപേക്ഷയും സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരം ആയിട്ടില്ല. കഴിഞ്ഞ 25 വർഷമായി കാനഡയിലെ സ്ഥിരതാമസക്കാരിയാണ് ഹെലൻ ബോബറ്റ്.