ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരം തീരുവ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. 90 ദിവസത്തേക്ക് പകരം തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. അമേരിക്കൻ ഉല്പ്പന്നങ്ങൾക്ക് മേൽ ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
75-ലധികം രാജ്യങ്ങൾ വ്യാപാര ചർച്ചകൾക്കായി യുഎസ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതിനാലാണ് പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചത്. എന്നാൽ ഈ കാലയളവിൽ 10 ശതമാനം തീരുവ ഉടനടി പ്രാബല്യത്തിൽ വരും എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ട്രംപിൻ്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും അമേരിക്കയ്ക്കെതിരെ പകര തീരുവ ചുമത്തിയിരുന്നു. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.