കാനഡയില്‍ വിദേശ പൗരന്മാര്‍ വീട് വാങ്ങിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് എന്‍ഡിപി 

By: 600002 On: Apr 10, 2025, 10:46 AM

 

കാനഡയില്‍ വിദേശ പൗരന്മാര്‍ വീട് വാങ്ങിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗ്. മോണ്‍ട്രിയല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നേരിടുന്ന ഭവന പ്രതിസന്ധിയ്ക്കിടയില്‍ വിദേശ കുടിയേറ്റക്കാര്‍ കാനഡയില്‍ വീട് വാങ്ങിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് ഒരു പ്രാദേശിക എന്‍ഡിപി സ്ഥാനാര്‍ത്ഥിയും പറഞ്ഞു.

വിദേശികള്‍ കാനഡയില്‍ വീട് വാങ്ങുന്നത് നിയന്ത്രിക്കാന്‍ 2023 ജനുവരിയില്‍ പ്രോഹിബിഷന്‍ ഓണ്‍ ദി പര്‍ച്ചേസ് ഓഫ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ബൈ നോണ്‍ കനേഡിയന്‍സ് ആക്ട് കാനഡ നടപ്പാക്കിയിരുന്നു. മോണ്‍ട്രിയല്‍ ഉള്‍പ്പെടെയുള്ള ചില മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ കനേഡിയന്‍ പൗരന്മാരല്ലാത്തവര്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്നതിന് നിയമം താല്‍ക്കാലിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.

2024 ന് നിയമം കാലഹരണപ്പെടുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെഡറല്‍ സര്‍ക്കാര്‍ ഇത് 2027 ജനുവരി 1 വരെ നീട്ടി. എന്നാല്‍ വിദേശികള്‍ വീട് വാങ്ങിക്കുന്നതിന് താല്‍ക്കാലികമായല്ല സ്ഥിരമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ജഗ്മീത് സിംഗ് ഉള്‍പ്പെടെയുള്ള എന്‍ഡിപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച വാന്‍കുവറില്‍ പ്രചാരണത്തിനിടെ എന്‍ഡിപി സര്‍ക്കാര്‍ നിരോധനം സ്ഥിരമാക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചു.