ടൊറന്റോ: കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലം വീണ്ടും മലയാളിത്തിരക്കിന്റെ ചരിത്രമെഴുതാന്‍ ഒരുങ്ങുന്നു. കഴിഞ്ഞവര്‍ഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകര്‍ഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം ഇക്കുറിയും സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ അരങ്ങേറും. കേരളത്തിന്റെ വിളവെടുപ്പ് ഉത്സവവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളുമായി ഇക്കുറി കൂടുതല്‍ പുതുമകളോടെയാകും തിരുവോണത്തിനു പിന്നാലെ മഹാഓണം ആഘോഷിക്കുകയെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു.
മഹാഒരുമയുടെ പെരുമയുമായി വടക്കന്‍ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു മഹാഓണം. കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോയില്‍ തിരുവോണത്തിന്റെ മഹാആഘോഷം ഒരുക്കിയത്. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ നടക്കുന്ന ഇത്തരത്തിലൊരു വേദിയില്‍ മലയാളികളുടേതായ പരിപാടി ഇതാദ്യമായിരുന്നു.
ചെണ്ടമേളത്തോടെയാകും സാങ്കോഫ സ്‌ക്വയര്‍ എന്ന യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ മഹാഓണത്തിന് കൊടിയേറുക. നൂറോളം കലാകാരന്മാരെ അണിനിരത്താനാണ് ശ്രമം. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കേരളീയ കലാരൂപങ്ങളുണ്ടാകും. സംഗീത-നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവന്‍ ആഘോഷത്തിന്റെ പുതുപ്പെരുമ ഒരുക്കുകയാണ് ലക്ഷ്യം.
രാജ്യാന്തര വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവര്‍ക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാര്‍ക്കാണ് അവസരം ഒരുക്കിയത്. നൂറോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് മൂന്നു ഭാഗങ്ങളിലായി ലൈവ് ആയി അവതരിപ്പിച്ച 'അപ്പാപ്പനും മകനും' ശ്രദ്ധേയമായിരുന്നു.
മഹാഓണത്തിന്റെ തീയതി പ്രഖ്യാപിച്ച കൂട്ടായ്മയില്‍ പൊതുപ്രവര്‍ത്തകരും സംരംഭകരും മാധ്യമപ്രവര്‍ത്തകരും മറ്റും സന്നിഹിതരായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ബെലന്റ് മാത്യു, ലെവിറ്റേറ്റിന്റെ മുന്‍കാല സ്‌പോണ്‍സര്‍മാരായ ഡിനി ജോസ് (ലൈംഫൈ), സജി മംഗലത്ത് (റോയല്‍ കേരള), റിയല്‍റ്റര്‍മാരായ ജെഫിന്‍ വാലയില്‍ ജോസഫ്, സന്തോഷ് ജേക്കബ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അജീഷ് രാജേന്ദ്രന്‍, തെരേസ, ബിജു, അഭിലാഷ്, റിയല്‍റ്റര്‍മാരായ ജോബിഷ് ബേബി, അലക്‌സ് അലക്‌സാണ്ടര്‍, സിജി ആന്റണി, കലാകാരന്മാരെ പ്രതിനിധീകരിച്ച് ഋക്ഥ, ജയറാണി, ജോസിയോണ്‍, ബിജു മുണ്ടയ്ക്കല്‍, അനുപമ വര്‍മ എന്നിവരും ആഷ റെജി, വിനോദ് ജോണ്‍, ജിത്തു ദാമോദര്‍, തോമസ് വാഴയില്‍ തുടങ്ങിയവരും പ്രസംഗിച്ചു. അഞ്ജലി ആന്‍ ജോണ്‍, അമല്‍ പ്രമോദ് എന്നിവരുടെ ഗാനങ്ങളും ഫറാസ് ഒരുക്കിയ ഡിജെയുമുണ്ടായിരുന്നു. മരിയ നികിത, ഫറാസ് മുഹമ്മദ്, ആന്‍സി ഏബ്രഹാം, അലീന തോമസ്, ജോര്‍ജുകുട്ടി തോമസ്, ജെഫി ജോണ്‍സണ്‍, റെല്‍ക രതീഷ്, സന്ദീപ് രാജ്കുമാര്‍, ആദര്‍ശ്, വെല്‍മ ഡോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഹാഓണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
വിവിധ തലങ്ങളിലുള്ള സ്‌പോണ്‍സര്‍ഷിപ്പിനും അവസരമുണ്ട്. ഡിജിറ്റല്‍ ഡിസ്‌പ്ലേകളാല്‍ സമ്പന്നമായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. മഹാഓണം പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും കലാപരിപാടികളുടെ റജിസ്‌ട്രേഷനും മറ്റും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും levitatateinc.ca വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 647-781-4743 എന്ന നമ്പറിലോ, contact@levitateinc.ca എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.