കാല്‍ഗറിയിലെ ഡൗണ്‍ടൗണ്‍ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിലെ സുരക്ഷാ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ സ്ത്രീയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മാര്‍ച്ച് 13 ന് 7 അവന്യു എസ്ഡബ്ല്യുവിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡായ ജോര്‍ജ് ഫെര്‍ണാണ്ടസ്(72) എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ 45കാരിയായ അമാന്‍ഡ റോബിന്‍ അഹെനക്യുവിനെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയത്. ഏപ്രില്‍ 16 ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
കെട്ടിടത്തില്‍ അടുത്ത ഷിഫ്റ്റിനായി എത്തിയ ജീവനക്കാരാണ് തലയിടിച്ച് അബോധാവസ്ഥയില്‍ വീണുകിടക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെര്‍ണാണ്ടസിന്റെ മരണത്തിന് പിന്നില്‍ അമാന്‍ഡ റോബിന്‍ അഹെനക്യുവാണെന്ന് കണ്ടെത്തിയത്.
ലോബിയിലുണ്ടായിരുന്ന പാക്കേജുകളെടുക്കാനെത്തിയതായിരുന്നു അമാന്‍ഡ. ഇത് തടയാനെത്തിയ ഫെര്‍ണാണ്ടസിനെ സ്ത്രീ ശക്തിയില്‍ തള്ളിയിടുകയും ഫെര്‍ണാണ്ടസിന്റെ തല നിലത്തിടിച്ച് വീഴുന്നതാണ് ദൃശ്യത്തില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഓഫീസ് ഏരിയയിലുണ്ടായിരുന്ന ഒരു ലാപ്‌ടോപ്പും മറ്റ് വസ്തുക്കളും അമാന്‍ഡ മോഷ്ടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.