ബീസിയില്‍ കരടികള്‍ ജനവാസമേഖലകളിലേക്കിറങ്ങുന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍; ഗാര്‍ബേജ് ബിന്നുകള്‍ ഭദ്രമാക്കണം

By: 600002 On: Apr 9, 2025, 12:11 PM



 


ശൈത്യകാലത്തെ നീണ്ട ഉറക്കംവിട്ട് പുറത്തേക്ക് വരുന്ന കരടികള്‍ കൂട്ടത്തോടെ, വരും ആഴ്ചകളില്‍ ജനവാസമേഖലകളിലേക്കിറങ്ങുമെന്നും ജാഗ്രത പാലിക്കണമെന്നും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീട്ടുവളപ്പിലെ ഗാര്‍ബേജ് ബിന്നുകള്‍ ഭദ്രമാക്കി വെക്കണമെന്നും അലക്ഷ്യമായി ഇടരുതെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു. വൈല്‍ഡ്‌സേഫ്ബിസി എന്ന അഡ്വക്കസി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് പ്രവിശ്യയില്‍ 120,000 മുതല്‍ 150,000 വരെ ഡോസി കരടികളുണ്ട്. ശൈത്യകാലത്ത് മാസങ്ങള്‍ നീണ്ട ഉറക്കത്തിന് ശേഷം സ്പ്രിംഗ് സീസണില്‍ ഇവ ഭക്ഷണമന്വേഷിച്ച് പുറത്തേക്കിറങ്ങും. ഇങ്ങനെ ഇറങ്ങുന്ന കരടികള്‍ മാലിന്യക്കൂമ്പാരങ്ങളില്‍ ഭക്ഷണമന്വേഷിച്ചെത്തും. ഇത് അപകടസാധ്യതയുണ്ടാക്കുമെന്ന് അധികൃതര്‍ പറയുന്നു. 

മനുഷ്യനു നേരെയുള്ള കരടികളുടെ ആക്രമണത്തിന് സുരക്ഷിതമല്ലാത്ത ഗാര്‍ബേജ് ബിന്നുകളാണ് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ കാംലൂപ്‌സ് സിറ്റി ബിയര്‍-റെസിസ്റ്റന്റ് ഗാര്‍ബേജ് ബിന്നുകള്‍ നഗരത്തിലുടനീളം വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 20 ഡോളര്‍ നല്‍കിയാല്‍ ഈ ഗാര്‍ബേജ് ബിന്നുകള്‍ വാങ്ങി വീട്ടില്‍ വെക്കാം. കരടിയില്‍ നിന്നും സുരക്ഷ നേടാനും കൂടുതല്‍ വിവരങ്ങള്‍ക്കും  WildSafeBC  സന്ദര്‍ശിക്കുക.