കാൽഗറി പോലീസിലെ ഉദ്യോഗസ്ഥർക്ക് ഇനി അവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല

By: 600110 On: Apr 9, 2025, 10:53 AM

 

കാൽഗറി പോലീസിലെ ഉദ്യോഗസ്ഥർക്ക് ഇനി അവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല.  പുതിയ പൈലറ്റ് പ്രോജക്റ്റിൻ്റെ ഭാഗമായാണ് നിർദ്ദേശം.  ആരെങ്കിലും പേര്  ആവശ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ അവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നാണ് നിർദ്ദേശം.  തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും, ഒപ്പം  തട്ടിപ്പിനിരയാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമാണ് പൈലറ്റ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

രാജ്യത്തുടനീളം, പ്രത്യേകിച്ച് പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം വർദ്ധിച്ചതായി കാൽഗറി പോലീസ് പറയുന്നു. പോലീസുകാരുടെ പേരും മുഖവും അറിയാമെങ്കിൽ, അവരെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നും, അത് അങ്ങേയറ്റം അപകടകരമാണെന്നും പോലീസ് പറയുന്നു.
ഓഫീസർമാർ ഇപ്പോഴും അവരുടെ നെയിം ബാഡ്ജ് ധരിക്കും. പക്ഷെ ആവശ്യപ്പെടുമ്പോൾ അവരുടെ റെജിമെൻ്റൽ നമ്പർ പറയേണ്ടതുണ്ട്.

ഓൺലൈനിൽ ചില ആളുകൾ ഈ മാറ്റത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നുണ്ട്. ഈ ഒരു തീരുമാനം  ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം കുറയ്ക്കുമെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ആരെങ്കിലും പരാതി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നമ്പറിനേക്കാൾ വളരെ എളുപ്പത്തിൽ ഒരു പേര് ഓർമ്മിക്കാൻ കഴിയുമെന്നും പലരും പറയുന്നു.  അതേ സമയം പൊലീസിൻ്റെ തീരുമാനത്തെ അനുകൂലിച്ചും പലരും രംഗത്തുണ്ട്.