ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിയന്ത്രിത പ്രദേശമായ സെൻ്റിനൽ ദ്വീപിൽ അനുവാദമില്ലാതെ പ്രവേശിച്ച വിദേശ യൂട്യൂബർ അറസ്റ്റിൽ. മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് എന്ന അമേരിക്കൻ യൂട്യൂബർ ആണ് അറസ്റ്റിൽ ആയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റു ചെയ്തു. ഏപ്രിൽ 17 ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിനെക്കുറിച്ച് യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അധികൃതർ പറഞ്ഞു.
മാർച്ച് 31 ന് പോർട്ട് ബ്ലെയറിൽ വെച്ചാണ് ഇയാൾ അറസ്റ്റിൽ ആയത്. സെൻ്റിനൽ ദ്വീപിൽ താമസിക്കുന്ന പുരാതന ഗോത്രവിഭാഗമായ സെൻ്റിനലീസിനെ കാണാനായിരുന്നു ഇയാൾ ദ്വീപിൽ അതിക്രമിച്ച് കടന്നത്. എന്നാൽ ഗ്രോത വർഗ്ഗത്തിലെ ആരെയും കണ്ടില്ലെന്ന് ഇയാൾ പറയുന്നു. ദ്വീപിൽ നിന്ന് മടങ്ങുമ്പോൾ കൈവശമുണ്ടായിരുന്ന കോളയും തേങ്ങകളും ഇയാൾ അവിടെ ഉപേക്ഷിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അനുമതിയില്ലാതെ ദ്വീപിലേക്ക് പ്രവേശിക്കുന്നത് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജിപിഎസ് നാവിഗേഷൻ ഉപയോഗിച്ചാണ് പോളിയാക്കോവ് ദ്വീപിലേക്ക് പോയത്. ഏതാണ്ട് ഒരു മണിക്കൂറോളം സമയം മാത്രമാണ് ഇയാൾ ദ്വീപിൽ ചിലവഴിച്ചത്. ദ്വീപിലേക്ക് പോകുന്നതിനുമുമ്പ് കടലിൻ്റെ അവസ്ഥ, ദ്വീപിലെത്താനുള്ള വഴികൾ എന്നിവയെക്കുറിച്ച് പോളിയാക്കോവ് വിശദമായ പഠനം നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഇയാൾ ദ്വീപിൽ നിന്നും മടങ്ങുന്നത് കണ്ട ഒരു മത്സ്യത്തൊഴിലാളിയാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പോർട്ട് ബ്ലെയറിൽ നിന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വർഷങ്ങളായി ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപിൻ്റെ 3 മൈൽ (5 കിലോമീറ്റർ) ചുറ്റളവിൽ സന്ദർശകർക്ക് യാത്ര ചെയ്യാൻ വിലക്കുണ്ട്. കനത്ത വനപ്രദേശമായ ദ്വീപിൽ ചുറ്റിത്തിരിയുന്ന മൃഗങ്ങളെ വേട്ടയാടാൻ ഗ്രോത വർഗ്ഗക്കാർ കുന്തങ്ങളും വില്ലുകളും അമ്പുകളുമാണ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവരെ ഇവർ ദ്വീപിൻ്റെ പരിസരത്ത് പോലും അടുപ്പിക്കില്ല. മാത്രമല്ല കണ്ടാൽ ആക്രമിക്കുകയും ചെയ്യും. 2018-ൽ കടൽത്തീരത്ത് അനധികൃതമായി ഇറങ്ങിയ ഒരു അമേരിക്കൻ മിഷനറിയെ നോർത്ത് സെൻ്റിനൽ ദ്വീപുവാസികൾ കൊലപ്പെടുത്തിയിരുന്നു. അമ്പെയ്ത് കൊലപ്പെടുത്തിയ ഇയാളുടെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിടുകയായിരുന്നു. 2006-ൽ, തീരത്ത് അബദ്ധത്തിൽ ഇറങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളെയും സെൻ്റിനൽസ് കൊലപ്പെടുത്തിയിരുന്നു.