കുടിയേറ്റ പദവി യുഎസ് റദ്ദാക്കിയതോടെ ക്യൂബെക്കിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വർദ്ധന . ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നയങ്ങൾ കാരണം കാനഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നു എന്ന ആശങ്കകൾക്കിടയിലാണ് പുതിയ റിപ്പോർട്ട്.
മോൺട്രിയലിന് തെക്ക് ഭാഗത്തുള്ള പ്രധാന അതിർത്തി വഴി കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് അതിർത്തി ഉദ്യോഗസ്ഥർ പറയുന്നത്. അമേരിക്കയിൽ തങ്ങാനുള്ള നിയമപരമായ കാലാവധി അവസാനിക്കാറായ ഒട്ടേറെപ്പേർ സെൻ്റ്-ബെർണാർഡ്-ഡി-ലാക്കോൾ ക്രോസിംഗിലേക്കും എത്തുന്നുണ്ട്. ഇവിടേയ്ക്കുള്ള അഭയാർത്ഥി അപേക്ഷകളുടെ എണ്ണം വർഷാരംഭം മുതൽ തന്നെ കൂടിയിരുന്നു എന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഡാറ്റ വ്യക്തമാക്കുന്നത്. മാർച്ചിൽ 1,356 അപേക്ഷകളും, ഏപ്രിലിൽ കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കാലയളവിൽ 557 അപേക്ഷകളും ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ താൽക്കാലിക കാലാവധി അവസാനിക്കാറായതോടെ ആണ് കാനഡയിലേക്കുള്ള അഭയാർഥി അപേക്ഷകളുടെ എണ്ണം കൂടിയത്..
നവംബറിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കാനഡയിലേക്ക് അഭയാർത്ഥികളായി എത്താൻ സാധ്യതയുള്ളവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കുടിയേറ്റക്കാരെ സഹായിക്കുന്ന മോൺട്രിയൽ ആസ്ഥാനമായുള്ളൊരു ഗ്രൂപ്പിൻ്റെ വക്താവായ ഫ്രാൻ്റ്സ് ആൻഡ്രേ പറയുന്നു. ക്യൂബെക്ക് അതിർത്തിയിലൂടെ, കാനഡയിലേക്ക് കടക്കുന്നവരിൽ വലിയൊരു വിഭാഗം ഹെയ്തിയൻ കുടിയേറ്റക്കാരാണ്. അമേരിക്കയിൽ തങ്ങാനുള്ള നിയമപരമായ കാലാവധി അവസാനിക്കാൻ പോകുന്നതിനാലാണ് അവർ അവിടെ കാനഡയിലേക്ക് എത്തിയതെന്നും ഫ്രാൻ്റ്സ് ആൻഡ്രേ പറഞ്ഞു.