ആൽബെർട്ടയിൽ അഞ്ചാം പനി കേസുകൾ (മീസിൽസ്) കൂടുന്നു. 43 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ നിർദ്ദേശം നൽകി. ടു ഹിൽസിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചവരെ, റിപ്പോർട്ട് ചെയ്യപ്പെട്ട 43 മീസിൽസ് കേസുകളിൽ 21 എണ്ണം സെൻട്രൽ സോണിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥിരീകരിച്ച 43 കേസുകളിൽ നാലെണ്ണം ഒഴികെ ബാക്കിയെല്ലാം 18 വയസ്സിന് താഴെയുള്ളവരിലാണ്. 1998-ൽ കാനഡയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച അഞ്ചാംപനി ഇപ്പോൾ തിരിച്ചുവരികയാണ്. വാക്സിനേഷൻ കുറഞ്ഞതാണ് കഴിഞ്ഞ മാസങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കാൻ കാരണമായത്. വ്യാപനം തടയാൻ സർക്കാർ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് പ്രവിശ്യയിലെ ഉന്നത ഡോക്ടർമാർ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് പറഞ്ഞു. സർക്കാർ നിഷ്‌ക്രിയത്വമാണ് രോഗവ്യാപനത്തിന് കാരണമെന്ന് എഡ്മണ്ടൻ സോൺ മെഡിക്കൽ സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി. വാക്സിനേഷൻ പദ്ധതിക്ക് സർക്കാർ തുടക്കമിടണമെന്നും, രോഗത്തെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. എയർഡ്രി, കാൽഗറി, എഡ്മണ്ടൺ, ഫോർട്ട് വെർമിലിയൻ, ലെത്ത്ബ്രിഡ്ജ് എന്നിവയുൾപ്പെടെ ആൽബെർട്ടയിലുടനീളം രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.