കാല്‍ഗറിയില്‍ ട്രക്കിടിച്ച് സ്ത്രീ കൊല്ലപ്പെട്ട കേസ്: ഇന്ത്യന്‍ വംശജനായ പ്രതിക്ക് ജാമ്യം ലഭിച്ചു; സെമി-ട്രക്ക് ഓടിക്കുന്നതിന് വിലക്ക് 

By: 600002 On: Apr 9, 2025, 8:34 AM

 


കാല്‍ഗറിയിലെ തിരക്കേറിയ ഹൈവേയില്‍ വാഹനമിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഇന്ത്യന്‍ വംശജനും സസ്‌കാറ്റൂണ്‍ സ്വദേശിയുമായ ട്രക്ക് ഡ്രൈവറെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ കേസ് തീര്‍പ്പാക്കുന്നത് വരെ സെമി-ട്രക്ക് ഓടിക്കുന്നതിന് ഇയാള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി. 26 വയസ്സുള്ള ഗഗന്‍പ്രീത് സിംഗ് എന്നയാളുടെ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് 50 വയസ്സുള്ള സ്ത്രീ മരിച്ചത്. ഹീതര്‍ ബ്രെന്റ് എന്നാണ് ഇവരുടെ പേരെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. 

ഏപ്രില്‍ 1ന് പുലര്‍ച്ചെ സ്റ്റോണി ട്രെയിലിലാണ് സംഭവമുണ്ടായത്. സെമി ട്രക്ക് ട്രെയിലര്‍ കോമ്പിനേഷനായ വാഹനം സ്ത്രീയുടെ എസ്‌യുവിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപടം ഉണ്ടായിട്ടും നിര്‍ത്താതെ പോയ ഗഗന്‍പ്രീത് സിംഗിനെയും ട്രക്കും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.