വരാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടര്‍ കാര്‍ഡുകള്‍ ഉടന്‍ തപാല്‍ വഴി ലഭിക്കുമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. വോട്ടുചെയ്യാന്‍ അര്‍ഹരായവര്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ വോട്ടര്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. വോട്ടര്‍ കാര്‍ഡ് ലഭിക്കാത്തതോ, അല്ലെങ്കില്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റാണെങ്കിലോ പിശക് പറ്റിയതാണെങ്കിലോ ഉടന്‍ ഇലക്ഷന്‍സ് കാനഡയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 28 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ കാര്‍ഡ് ആവശ്യമാണ്. വോട്ടര്‍മാര്‍ക്ക് ഇലക്ഷന്‍സ് കാനഡ വെബ്‌സൈറ്റ് പരിശോധിച്ച് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബോക്‌സില്‍ അവരുടെ തപാല്‍ കോഡ് നല്‍കാം. ഇതിലൂടെ അവര്‍ക്ക് എവിടെ വോട്ടുചെയ്യാമെന്നും അഡ്വാന്‍സ്ഡ് വോട്ടിംഗ് സ്‌റ്റേഷനുകള്‍ എവിടെയാണെന്നും വിവരങ്ങള്‍ നല്‍കും.
വോട്ടര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയും വിലാസവും കാണിക്കേണ്ടതുണ്ട്. അഡ്രസ് പ്രൂഫായി വോട്ടര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. സ്വീകാര്യമായ ഐഡിയുടെ പൂര്‍ണമായ ലിസ്റ്റ് ഇലക്ഷന്‍സ് കാനഡ വെബ്‌സൈറ്റില്‍ ലഭ്യമാണ്.