കാനഡയില്‍ താമസിക്കാന്‍ അഫോര്‍ഡബിളായ പ്രവിശ്യ ആല്‍ബെര്‍ട്ടയാണ്. എന്നാല്‍ ജീവിക്കാന്‍ ഏറ്റവും അഫോര്‍ഡബിളായ പ്രവിശ്യയിലെ പ്രധാന രണ്ട് നഗരങ്ങളെ താരതമ്യം ചെയ്യുകയാണ് അഗ്രഗേറ്റഡ് ഡാറ്റാ വെബ്‌സൈറ്റായ നംബിയോ. വെബ്‌സൈറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ എഡ്മന്റണിലെ ജീവിതച്ചെലവ് കാല്‍ഗറിയേക്കാള്‍ കുറവാണ്. എഡ്മന്റണിലെ നാലംഗ കുടുംബത്തിന് പ്രതിമാസം 5,200 ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് കാല്‍ഗറിയേക്കാള്‍ 390 ഡോളര്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍ഗറിയില്‍ നാലംഗകുടുംബത്തിന്റെ പ്രതിമാസ ചെലവ് 5627 ഡോളറാണെന്നാണ് കണക്കുകള്‍.
എഡ്മന്റണ്‍ അഫോര്‍ഡബിള്‍ സിറ്റിയാകാന്‍ നിരവധി ഘടകങ്ങളുണ്ടെന്ന് ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ പ്രൊഫസറായ ഡാമിയന്‍ കോളിന്‍സ് പറയുന്നു. ഇതില്‍ ഹൗസിംഗ് അഫോര്‍ഡബിളിറ്റി അല്ലെങ്കില്‍ ഭവന നിര്‍മാണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭവന നിര്‍മാണ പദ്ധതികളിലും ഓപ്പണ്‍ ഹൗസിംഗ് പോളിസികളിലും എഡ്മന്റണ്‍ മുന്‍പന്തിയിലാണ്. ഇത് വാടക വിതരണത്തില്‍ മികച്ച സംഭാവന നല്‍കുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാല്‍ഗറി വളരെക്കാലമായി ബേസ്‌മെന്റ് സ്യൂട്ടുകള്‍ക്കെതിരായി നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് കാല്‍ഗറി നയങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാല്‍ഗറിയില്‍ മലനിരകളും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളിലേക്കും പ്രവേശനം ലഭ്യമാകും. നിരവധി ആക്ടിവിറ്റികള്‍ കാല്‍ഗറിയിലുണ്ട്. അതിനാല്‍ തന്നെ കാല്‍ഗറിയില്‍ ജീവിതച്ചെലവ് നേരിയ തോതില്‍ വര്‍ധിക്കുമെന്നും കോളിന്‍സ് ചൂണ്ടിക്കാട്ടി.