തെരഞ്ഞെടുപ്പിൽ മാർക് കാർണിയെ ലക്ഷ്യമിട്ട് ചൈനീസ് ഇടപെടലെന്ന് കനേഡിയൻ അധികൃതർ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റ് വഴിയാണ്, ലിബറൽ നേതാവ് മാർക്ക് കാർണിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കണ്ടെത്തിയത്. ബീജിംഗിൻ്റെ പിന്തുണയോടെയാണ് ഇതെന്ന് ഫെഡറൽ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകളെക്കുറിച്ച് നിരീക്ഷണം നടത്തുന്ന കനേഡിയൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.
വീ ചാറ്റിൻ്റെ ഏറ്റവും ജനപ്രിയ വാർത്താ അക്കൗണ്ടായ യൂലി-യൂമിയൻ വഴിയാണ് ഇത് ആരംഭിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷനുമായി അടുത്ത ബന്ധമുള്ള അക്കൌണ്ടാണ് ഇത്. സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് ത്രെറ്റ്‌സ് ടു ഇലക്ഷൻസ് (SITE) ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ലേഖനങ്ങളിലൂടെയും മറ്റും കാർണിയെ കുറിച്ച് കനേഡിയൻ - ചൈനീസ് സമൂഹത്തിൽ മുൻ നിശ്ചിതമായൊരു ധാരണ രൂപപ്പെടുത്തുകയും, അത് മറ്റ് വീ ചാറ്റ് അക്കൌണ്ടുകൾ വഴി പരമാവധി പ്രചരിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഒരേ സമയം കാർണിയെക്കുറിച്ച് പോസിറ്റീവായും നെഗറ്റീവായും ഉള്ള വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. അമേരിക്കയോടുള്ള കാർണിയുടെ നിലപാടിനെ കുറിച്ച് എഴുതുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ യോഗ്യതകളെയും അനുഭവപരിചയത്തെയും ലക്ഷ്യം വച്ചു. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ വിദേശ ശക്തികൾ ഫെഡറൽ തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താനും കനേഡിയൻ വോട്ടർമാരെ സ്വാധീനിക്കാനും ഡീപ്ഫേക്കുകൾ പോലുള്ള AI- ജനറേറ്റഡ് ഉള്ളടക്കവും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് മുൻപെ വിലയിരുത്തിയിരുന്നു.