തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വേറിട്ട ബർഗർ പോളുമായി ബിസി മെട്രോ വാൻകൂവറിലെ ബർഗർ ഹെവനെന്ന റെസ്റ്റോറൻ്റ്. തെരഞ്ഞെടുപ്പ് കാലത്തെ പതിവ് അഭിപ്രായ വോട്ടെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് ബർഗർ പോൾ. ഓർഡർ ചെയ്യുന്ന ബർഗർ വഴിയാണ് ഉപഭോക്താക്കൾ അഭിപ്രായം രേഖപ്പെടുത്തുന്നത്.
ഇന്ന് മുതൽ ഏപ്രിൽ ഏഴ് വരെ ബർഗർ ഹെവൻ റെസ്റ്റോറൻ്റിലെത്തി ഈ അനൌപചാരിക സർവ്വെയിൽ പങ്കെടുക്കാം. ഇതിനായി ഇവിടെ ഒരുക്കിയിട്ടുള്ള അഞ്ച് ബർഗറുകളിൽ ഒന്ന് തെരഞ്ഞെടുക്കാം. മാർക് കാർണി ബർഗർ, പിയറി പൊലിവർ ബർഗർ, ജഗ്മീത് സിങ് ബർഗർ, എലിസബത്ത് മെ - ജൊനാഥൻ പെഡ്നോൾട്ട് ബർഗർ, വൈസ് - ഫ്രാങ്കോയിസ് ബ്ലാൻഷെറ്റ് ബർഗർ എന്നീ അഞ്ച് വിഭാഗത്തിൽപ്പെട്ട ബർഗറുകളാണ് ഉള്ളത്. ഓരോ പാർട്ടികളുടെയും കാര്യങ്ങൾ പരിഗണിച്ചാണ് ഓരോ ബർഗറുകളുടെയും ചേരുവകൾ. തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇത് വരെ തീരുമാനിക്കാത്തവരും നിരാശരാകേണ്ടതില്ല. അവർക്കായി “(B)UNdecided” എന്ന പേരിൽ വേറൊരു ബർഗറും ഇവർ ഒരുക്കിയിട്ടുണ്ട്.