തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ജയിച്ച് അധികാരത്തിൽ എത്തിയാൽ ആൽബർട്ടയിലെ 30 ശതമാനം ജനങ്ങളും രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെന്ന് പുതിയൊരു സർവ്വെയുടെ കണ്ടെത്തൽ. വിഘടനവാദ നീക്കമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്ക് ഒരു റാലി ആസൂത്രണം ചെയ്തിട്ടുള്ളതും ചർച്ചകൾക്കിടയായിട്ടുണ്ട്.
ആംഗസ് റീഡ് നടത്തിയ വോട്ടെടുപ്പിലാണ് പുതിയ കണ്ടെത്തൽ. മുൻപും ആൽബർട്ടയിൽ കനേഡിയൻ വിരുദ്ധവികാരം ഒരു കാലത്ത് ശക്തമായിരുന്നു. നിയമസഭയ്ക്ക് മുന്നിൽ നടക്കുന്ന റാലിയിൽ ആൽബർട്ട കാനഡ വിടുന്നതിനെക്കുറിച്ച് പ്രസംഗിക്കുമെന്ന് അഭിഭാഷകനായ ജെഫ്രി റാത്ത് പറയുന്നു. എന്നാൽ ഇതിനർഥം അമേരിക്കയ്ക്കൊപ്പം ചേരുക അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആൽബർട്ടയ്ക്ക് പരമാധികാരം എന്ന ആശയത്തിന് പിന്തുണ ഏറുമ്പോൾ പ്രതികരണവുമായി പ്രീമിയർ ഡാനിയേൽ സ്മിത്തും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം ഇനിയെന്ത് എന്ന കാര്യം ചർച്ച ചെയ്യാൻ പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം എന്ന ആവശ്യം ജനങ്ങൾ ശക്തമാക്കിയാൽ ഒരു ഹിതപരിശോധനയുടെ കാര്യം ആലോചിക്കുമെന്നും ഡാനിയേൽ സ്മിത്ത് അറിയിച്ചു. ഫെഡറൽ സർക്കാരുമായുള്ള ബന്ധത്തിൽ ഒരു പുനക്രമീകരണത്തിന് തയ്യാറാണ്. പക്ഷെ ആൽബർട്ടയ്ക്ക് അനുകൂലമാണെങ്കിൽ മാത്രമെ അതിന് തയ്യാറാകൂ എന്നും ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി