ഒന്റാരിയോ കോര്‍ട്ടെല്ലുച്ചി വോണ്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മതിയായ നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്. എമര്‍ജന്‍സി റൂമില്‍ പരിചരണത്തിന് 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായി രോഗികള്‍ പറയുന്നു. ദീര്‍ഘകാത്തിരിപ്പ് സമയം അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികളുടെ ആരോഗ്യനില വഷളാക്കുന്നതായും പറയുന്നു. വര്‍ഷങ്ങളായി ഒന്റാരിയോയിലെ ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം പ്രധാന ആശങ്കയാണ്. ഇതിനൊരു പരിഹാരം ഇതുവരെ ആയില്ലെന്നതും ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഭൂരിഭാഗം രോഗികളും പറയുന്നു.
പ്രവിശ്യയിലുടനീളമുള്ള എമര്‍ജന്‍സി റൂമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഡോക്ടറെ പോലും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ പല എമര്‍ജന്‍സി റൂമുകളും താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടി വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആരോഗ്യ മേഖലയിലെ ഈ പ്രതിസന്ധിക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടനടി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, ഫോര്‍ഡ് സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ബജറ്റ് 31 ശതമാനം വര്‍ധിപ്പിച്ചതായും ആയിരക്കണക്കിന് പുതിയ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും നിയമിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ കാത്തിരിപ്പ് സമയം പരിഹരിക്കുന്നതിനായി 44 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും വക്താവ് അറിയിച്ചു. ആശുപത്രിയില്‍ എല്ലാ ദിവസവും 10 മണി മുതല്‍ 11 വരെ ഡോക്ടര്‍മാരുണ്ടെന്നും ഓരോ സ്ഥലത്തും പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 7 മണി വരെ സേവനം നല്‍കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ വിളിക്കാമെന്നും അധികൃതര്‍ പറയുന്നു.