ലോകമെമ്പാടും ഞെട്ടലുണ്ടാക്കിയ, സാമ്പത്തിക മാന്ദ്യത്തെയും ആഗോള വ്യാപാര യുദ്ധത്തെയും കുറിച്ചുള്ള ഭയത്തിന് കാരണമായ അമേരിക്കയുടെ താരിഫുകളെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്കും തമ്മില്‍ ഭിന്നതയെന്ന് സൂചന. ചൈനീസ് ഇറക്കുമതികള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ പിന്‍വലിക്കാന്‍ പ്രസിഡന്‍റിനോട് മസ്ക് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തിയെന്നും ട്രംപ് അത് നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് . കഴിഞ്ഞയാഴ്ച ട്രംപ്പ്രഖ്യാപിച്ച 34 ശതമാനം തീരുവയ്ക്ക് പുറമേ ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം അധിക തീരുവ കൂടി ചേര്‍ക്കുമെന്ന് ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മസ്ക് വിഷയത്തിലിടപെടാന്‍ ശ്രമിച്ചത്. വിഷയം പ്രസിഡന്‍റിനെ ബോധ്യപ്പെടുത്താന്‍ മസ്ക് നേരിട്ട് സ്വകാര്യ ചര്‍ച്ചകള്‍ പോലും നടത്തിയെന്നും അത് വിജയിച്ചില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് ചൈന
ട്രംപിന്‍റെ ആദ്യ ഘട്ട തീരുവയില്‍ 54 ശതമാനം തീരുവ ചുമത്തപ്പെട്ട ചൈന മറുപടിയെന്ന നിലയില്‍ യുഎസ് ഇറക്കുമതികള്‍ക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ ട്രംപ് ചൈനയ്ക്ക് ഒരു ദിവസം സമയം നല്‍കുകയും സമയപരിധി പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ അധിക 50 ശതമാനം തീരുവ ചൈനയ്ക്ക് ബാധകമാകുമെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, 'താരിഫ് ബ്ലാക്ക്മെയിലിംഗിന്' വഴങ്ങില്ലെന്ന് ചൈന പറഞ്ഞു. അടിസ്ഥാനരഹിതമായ കാരണങ്ങളാല്‍ ആണ് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയെന്നും ചൈന കൂട്ടിച്ചേര്‍ത്തു. 50 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചപ്പോഴാണ് മസ്ക് വിഷയത്തിലിടപ്പെട്ടത്.