ക്യൂബെക്കുകാർ അമേരിക്കയ്ക്ക് പകരം ആൽബെർട്ടയിൽ നിന്നുള്ള എണ്ണ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. എന്നാൽ പുതിയ പൈപ്പ്ലൈനിന് ക്യൂബെക്കിൻ്റെ പിന്തുണ ആവശ്യമാണന്നും കാർണി വ്യക്തമാക്കി.
ക്യൂബെക്ക് ഒരു ദിവസം ശരാശരി 350,000 ബാരൽ എണ്ണ ഉപയോഗിക്കുന്നുണ്ട്. അതിൽ 70 ശതമാനവും യുഎസിൽ നിന്നാണ് വരുന്നത്. തിങ്കളാഴ്ച ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കാർണിയുടെ പ്രതികരണം.
നമ്മുടെ സ്വന്തം എണ്ണ ഉപയോഗിക്കുകയും, അതിൽ നിന്നുള്ള വരുമാനം പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കണം. എങ്കിലും തദ്ദേശീയർ അഥവാ ഫസ്റ്റ് നേഷൻസിൻ്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ അത് ചെയ്യൂ എന്നും ഇക്കാര്യത്തിൽ എല്ലാ പ്രവിശ്യകളുടെയും പിന്തുണ വേണമെന്നും കാർണി വ്യക്തമാക്കി.
പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മുൻ പൈപ്പ്‌ലൈൻ പദ്ധതികൾ ഉൾപ്പടെ അനിശ്ചിതമായി നീണ്ടു പോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ തീരുമാനങ്ങൾ വേഗത്തിലാക്കാൻ വേണ്ടി നടപടികളെടുക്കുമെന്നും കാർണി പറഞ്ഞു. ദേശീയ താല്പര്യം മുൻനിർത്തിയുള്ള പദ്ധതികളുടെ കാര്യത്തിൽ ഒരു പദ്ധതി , ഒരു തീരുമാനം എന്ന സംവിധാനം നടപ്പിലാക്കുമെന്നും കാർണി പറഞ്ഞു. കാനഡയുടെ പ്രകൃതിയും ജൈവ വൈവിധ്യവും ജലവും സംരക്ഷിക്കുകയെന്ന പദ്ധതി അനാവരണം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.