ആൽബർട്ടയിലെ ഡ്രംലറിലുള്ള പ്രശസ്ത ഡൈനസോർ പ്രതിമ പൊളിച്ചു നീക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുമ്പോൾ പരിഹാര ശ്രമങ്ങളുമായി പ്രാദേശിക ഭരണകൂടം രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഡൈനസോർ പ്രതിമയാണ് ടൈറ ദി ടൈറാനൊസോറസ്. കാൽഗറിക്ക് വടക്കുകിഴക്കായുള്ള ഈ നഗരം ഡൈനസോർ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നാണ് അറിയപ്പെടുന്നത്.
ഇവിടെയുള്ള റോയൽ ടൈറൽ മ്യൂസിയത്തിലും ഒട്ടേറെ ഡൈനസോർ പ്രതിമകളുണ്ട്. എന്നാൽ നഗരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ടൈറ എന്ന കൂറ്റൻ പ്രതിമ തന്നെയാണ്. 25 മീറ്റർ ഉയരമുള്ള ഈ പ്രതിമ യഥാർത്ഥ ഡൈനസോറിൻ്റെ നാലിരട്ടി വലിപ്പത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഓരോ വർഷവും ഒന്നര ലക്ഷത്തിലേറെ സന്ദർശകരാണ് ഇത് കാണാനെത്തുന്നത്. എന്നാൽ ഇത് 2029ടെ പൊളിച്ചു നീക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. 2000ൽ പണിത ഈ പ്രതിമ നില്ക്കുന്ന ഭൂമി നഗരസഭയുടേതാണ്. എന്നാൽ ഡ്രംലർ ആൻ്റ് ഡിസ്ട്രിക്ട് ചേംബർ ഓഫ് കൊമേഴ്സിനാണ് ഇതിൻ്റെ ഉടമസ്ഥാവകാശവും പരിപാലന ചുമതലയുമുള്ളത്. ഇവരുടെ ലീസിങ് കാലാവധി ഡിസംബർ 2029ടെ അവസാനിക്കുകയാണ്. ഇത്രയും കൂറ്റൻ പ്രതിമ ആയതിനാൽ ഇത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക സാധ്യമല്ല. ഇതേ തുടർന്നാണ് ഇത് പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.
എന്നാൽ ടൈറയെ പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടർന്ന് പ്രശ്നത്തിൽ ഒരുങ്ങുകയാണ് പ്രാദേശിക ഭരണകൂടം. ചേംബറുമായി ചർച്ച നടത്തുമെന്ന് മേയർ ഹെതർ കോൾബർഗ് അറിയിച്ചു. ഡൈനസോർ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നാണ് നമ്മുടെ നഗരം അറിയപ്പെടുന്നത്. ഈ പ്രതിമ നഗരത്തിൻ്റെ മുഖമുദ്ര കൂടിയാണ്. അതിനാൽ ഇത് പൊളിച്ചു നീക്കുന്നത് ഒഴിവാക്കാൻ ചർച്ചകൾ നടത്തുമെന്നും മേയർ അറിയിച്ചു. ഇതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നഗരവാസികൾ