ആൽബർട്ടയിൽ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി വർദ്ധിച്ചു

By: 600110 On: Apr 7, 2025, 11:42 AM

കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലെ ഏറ്റവും ഉയർന്ന വർധന ആൽബെർട്ടയിലാണെന്ന് സ്റ്റാറ്റ്കാൻ. തൊഴിലില്ലായ്മ നിരക്ക് 7.1% ആണെന്നാണ് റിപ്പോർട്ട്. മാർച്ചിൽ പ്രവിശ്യയിൽ 15,000 തൊഴിലുകളാണ് നഷ്ടപ്പെട്ടത്.  ഇതേ തുടർന്നാണ് തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയേക്കാൾ 0.4 ശതമാനം ഉയർന്ന് 7.1 ശതമാനത്തിൽ എത്തിയത്. ഫെബ്രുവരിയിലെ 6.6 ശതമാനത്തിൽ നിന്ന് മാർച്ചിൽ കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നിരുന്നു.

രാജ്യത്തുടനീളമുള്ള നാലാമത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ആൽബെർട്ടയിലേത്. ആൽബെർട്ടയിൽ ഏറ്റവും കൂടുതൽ ജോലി നഷ്ടപ്പെട്ടത് നിർമ്മാണ മേഖലയിലാണ്. 11,000 ജോലികളാണ് ഈ മേഖലയിൽ കുറഞ്ഞത്. ഫെബ്രുവരിയെ അപേക്ഷിച്ച് മൊത്ത, ചില്ലറ വ്യാപാരത്തിൽ 9,200 എണ്ണം കുറവുണ്ടായി. അതേസമയം, മാർച്ചിൽ 33,000 കനേഡിയൻ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണെന്ന് സ്റ്റാറ്റ്കാൻ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ യുഎസ് ഭരണകൂടം കൊണ്ടുവന്ന താരിഫുകൾ സൃഷ്ടിച്ച ആഘാതം, നിക്ഷേപം നടത്തുന്നതിൽ നിന്ന് ബിസിനസ് ഉടമകളെ പിന്നോട്ടടിപ്പിക്കുന്നുവെന്ന്  മണി മെൻ്റേഴ്‌സ് സിഇഒ സ്റ്റേസി വാൻചുക് ഒലെക്‌സി പറഞ്ഞു. കൂടുതൽ കനേഡിയക്കാർ കൂടുതൽ കാലം തൊഴിൽരഹിതരായി തുടരാൻ സാധ്യതയുണ്ടെന്നാണ് സ്റ്റാറ്റ്കാൻ പറയുന്നത്. ഇതോടെ, ദീർഘകാലമായി ജോലിയില്ലാത്തവരുടെ സ്ഥിതി കൂടുതൽ കഠിനമാവുകയാണ്.