ഗാസ: ഗാസയിൽ രക്ഷാപ്രവർത്തകരുടെ ആംബുലൻസുകൾ ആക്രമിച്ച് പതിനഞ്ച് പേരെ കൊന്ന സംഭവത്തിൽ മുൻ നിലപാട് തിരുത്തി ഇസ്രയേൽ. ആദ്യ റിപ്പോർട്ട് നൽകിയയാൾക്ക് തെറ്റ് പറ്റിയെന്നാണ് ഇസ്രയേൽ വിശദീകരണം. വാഹനവ്യൂഹം ഹെഡ്‍ലൈറ്റുകളോ ബീക്കണോ തെളിയിക്കാതെയാണ് സഞ്ചരിച്ചതെന്ന വാദം ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട് മാറ്റം.
ശനിയാഴ്ചയാണ് ആക്രമണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം വിശദമാക്കിയത്. കഴിഞ്ഞ മാസമാണ് ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിൽ പലസ്തീൻ വാഹന വ്യൂഹം ഇസ്രയേൽ സൈന്യം ആക്രമിച്ചത്. 15ഓളം ആരോഗ്യ പ്രവർത്തകരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അന്വേഷണം തുടരുകയാണെന്നും സംഭവം മറച്ചുവയ്ക്കാൻ ഇസ്രയേൽ ശ്രമിച്ചില്ലെന്നും യുഎന്നിനെ അറിയിച്ചെന്നുമാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ആരോഗ്യ പ്രവർത്തകർ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി
ശനിയാഴ്ച ന്യൂ യോർക്ക് ടൈംസാണ് ബീക്കൺ ലൈറ്റ് അടക്കമുള്ളവയോടെ വരുന്ന വാഹനവ്യൂഹത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഇസ്രയേൽ വെടിവയ്പിൽ 15 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് യുഎൻ വിശദമാക്കുന്നത്. എന്നാൽ 14 പേർ മരിച്ചതായും ഒരാൾ രക്ഷപ്പെട്ടതായുമാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ആരോഗ്യ പ്രവർത്തകരെ കൂട്ടക്കുഴിമാടത്തിലാണ് ഇസ്രയേൽ സൈന്യം കുഴിച്ച് മൂടാൻ ശ്രമിച്ചെന്നാണ് പാലസ്തീൻ അവകാശപ്പെട്ടത്. ശനിയാഴ്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവം വീണ്ടും പരിശോധിക്കുമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.