ട്രംപിനെതിരെ കാനഡയിൽ പ്രതിഷേധം, നിരവധി നഗരങ്ങളിൽ റാലി

By: 600110 On: Apr 7, 2025, 10:28 AM

 

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ കാനഡയിൽ പ്രതിഷേധം. കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള  ട്രംപിൻ്റെ ഭീഷണികൾക്കെതിരെ, രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ പ്രതിഷേധക്കാർ, ഞായറാഴ്ച റാലി നടത്തി. കഴിഞ്ഞയാഴ്ച കാനഡയ്‌ക്കെതിരെ പ്രതീക്ഷിച്ചതിലും മൃദുവായ താരിഫുകൾ ഏർപ്പെടുത്തുകയും  വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ സൗഹാർദ്ദപരമായ സമീപനം ഉണ്ടാവുകയും ചെയ്തിരുന്നു.  എന്നാൽ കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുന്നതിനെക്കുറിച്ചുള്ള ട്രംപിൻ്റെ ആവർത്തിച്ചുള്ള പരാമർശങ്ങൾക്ക് എതിരെ കൂടിയാണ് പ്രതിഷേധം ഉയരുന്നത്.  

മോൺട്രിയലിൽ, മൗണ്ട് റോയൽ പാർക്കിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൻ്റെ ഭാഗമായി  ഒത്തുകൂടിയത്. കാനഡയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ പ്രതിഷേധക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  മേപ്പിൾ ഇലകൾ കൊണ്ടുള്ള ചിഹ്നങ്ങളും , "ഹാൻഡ്സ് ഓഫ്", "കാനഡ ഈസ് ഓൾ റെഡി ഗ്രെയ്റ്റ്" എന്നീ വാചകങ്ങളും എഴുതിയ പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. രണ്ട് ദിവസത്തെ അറ്റ്ലാന്റിക് കാനഡ പര്യടനം പൂർത്തിയാക്കിയ എൻഡിപി നേതാവ് ജഗ്മീത് സിംഗും റാലിയിൽ പങ്കെടുത്തു.   കനേഡിയൻ പതാകകൾക്കൊപ്പം സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.  മാനിറ്റോബയിൽ, പ്രീമിയർ വാബ് കൈന്യൂവും "റാലി ഫോർ കാനഡ" യ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കാനഡക്കാർക്ക് പ്രാദേശികവും ദേശീയവുമായ അഭിമാനം പ്രകടിപ്പിക്കുന്നനതിനൊപ്പം രാജ്യം ഒരിക്കലും ഒരു അമേരിക്കയുടെ ഭാഗമാകില്ലെന്ന സന്ദേശം നല്കാനും ഇത്തരം പ്രതിഷേധ റാലിയിലൂടെ കഴിഞ്ഞെന്ന് പ്രീമിയർ പറഞ്ഞു.