ന്യൂയോർക്ക്: ട്രംപ് താരിഫുകൾ ആഗോള വിപണി ഇടിവിന് കാരണമാകുന്നതിനിടെ പെൻഗ്വിനുകളും സീലുകളും താമസമാക്കിയ മനുഷ്യവാസം തീരെയില്ലാത്ത ദ്വീപിനും തീരുവ ചുമത്തിയതിനെ ന്യായീകരിച്ച് അമേരിക്ക. മക്ഡൊണാൾഡ് ദ്വീപുകൾക്ക് നികുതി ചുമത്തിയ ട്രംപിന്റെ തീരുമാനം വലിയ രീതിയിൽ പരിഹാസത്തിന് കാരണമായിരുന്നു. ഈ ദ്വീപിൽ ആൾവാസമില്ലെന്നതായിരുന്നു ഇതിന് കാരണം. എന്നാൽ തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുള്ളത് അമേരിക്കൻ സാമ്പത്തികകാര്യ സെക്രട്ടറിയാണ്. അമേരിക്കയിൽ എത്താൻ ദ്വീപ് മാർഗമാകാതിരിക്കാനാണ് മക്ഡൊണാൾഡ് ദ്വീപിനും ഇറക്കുമതി തീരുവ ചുമത്തിയതെന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി ഹവാർഡ് ലുട്നിക് അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ പഴുതടച്ച നീക്കമായാണ് ഹവാർഡ് ലുട്നിക് വ്യാപക വിമർശനം ഉയർന്ന നീക്കത്തിനെതിരെ പ്രതികരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഓസ്ട്രേലിയയിൽ നിന്ന് 4000 കിലോമീറ്റർ അകലെയുള്ള മക്ഡൊണാൾഡ് ദ്വീപിന് അമേരിക്ക തീരുവ ചുമത്തിയത്. തിടുക്കപ്പെട്ടുള്ള തീരുമാനമെന്നാണ് നടപടിയെ ലോക രാജ്യങ്ങളും ഓസ്ട്രേലിയയും നിരീക്ഷിച്ചത്. പട്ടികയിൽ ഏതെങ്കിലും സ്ഥലം അവശേഷിപ്പിച്ചാൽ അതിനെ മറ്റ് രാജ്യങ്ങൾ പഴുതാക്കി മാറ്റും. ഇതിനേക്കുറിച്ച് ഡൊണാൾഡ് ട്രംപിന് നല്ല ധാരണയുണ്ടെന്നുമാണ് ഹവാർഡ് ലുട്നിക് വിശദമാക്കുന്നത്.
ട്രംപിന്റെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയിൽ ദൃശ്യമാകുന്നത്. ഓഹരി വിപണികൾ കൂപ്പുകുത്താൻ ഇത് കാരണമായിരിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമോയെന്ന ആശങ്കയാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നത്.