ഓട്ടവയിൽ ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയവരിൽ ചിലർ ഹമാസ് സ്വാധീനത്താൽ പ്രത്യേക വസ്ത്രം ധരിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് നഗരസഭ മേയറുടെ ഓഫീസ്. എന്നാൽ പ്രതിഷേധക്കാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓട്ടവ പോലീസ് പറയുന്നു.
മാർച്ച് 29 ന് ഓട്ടവവ ഡൗൺ ടൌണിൽ ആണ് ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നത്. ഇതിൻ്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനേഡിയൻ നിയമപ്രകാരം നിരോധിത തീവ്രവാദ സംഘടനയും പലസ്തീൻ ഭീകര സംഘടനയുമായ ഹമാസിൻ്റെ അംഗങ്ങൾ ധരിക്കുന്നതു പോലുള്ള കറുത്ത വസ്ത്രവും തലപ്പാവും ധരിച്ചാണ് ചിലർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഓട്ടവ ആസ്ഥാനമായുള്ള സിറ്റിസൺ ജേണലിസ്റ്റുകളായ ക്രിസ് ഡേസിയും സി-സ്ക്വയറും പോസ്റ്റ് ചെയ്ത വീഡിയോയിൽ, ആക്ടിവിസ്റ്റുകളിൽ ഒരാൾ തൻ്റെ വസ്ത്രധാരണത്തിനെതിരെ ആക്രോശിക്കുന്നവരെ കളിയാക്കുന്നതും പരിഹസിക്കുന്നതും കാണാം.
പ്രതിഷേധത്തിൻ്റെ മറ്റ് വീഡിയോകളിൽ സമാനമായ വസ്ത്രം ധരിച്ച മറ്റ് പലരും ഉണ്ട്. ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫിൻ്റെ ഓഫീസ് സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. ഓട്ടവയിലെ തെരുവുകളിൽ ഭീകരതയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണുമ്പോൾ തനിക്ക് വളരെ ആശങ്കയും അസ്വസ്ഥതയും തോന്നുന്നുവെന്ന് മേയർ പറയുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ എല്ലാവരും ബഹുമാനിക്കുന്നു. പക്ഷേ ഭീകരതയെ മഹത്വവൽക്കരിക്കുന്നത് നഗരവാസികൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്നും നമ്മുടെ നഗരത്തിൽ അതിന് സ്ഥാനമില്ലെന്നും മേയർ പ്രസ്താവനയിലൂടെ അറിയിച്ചു.