ആൽബർട്ടയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുമ്പോൾ നിർമ്മാണ രംഗത്ത് മതിയായ തൊഴിലാളികൾ ഇല്ലാത്തത് വെല്ലുവിളിയാകുന്നു. വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ, സ്കൂളുകൾ, മറ്റ് വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. തൊഴിലാളികളുടെ അഭാവം ഇത്തരം പ്രവർത്തനങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തൽ.
ബിൽഡ്ഫോഴ്‌സ് കാനഡയുടെ പുതിയ റിപ്പോർട്ട് പ്രകാരം, 2034 വരെ നിർമ്മാണ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും വിരമിക്കുന്ന ജീവനക്കാർക്ക് പകരം വെക്കാനുമായി ഏകദേശം 60,000 പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. അതിനാൽ പഠിച്ചിറങ്ങുന്ന ഏകദേശം 43,000-ത്തിലധികം പേർക്ക് ജോലി ലഭിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ആൽബെർട്ടയിലെ പോളിടെക്നിക്കിന് ഇത് ഒരു സന്തോഷവാർത്തയാണ്. ഞങ്ങളെപ്പോലുള്ളവർക്ക് തൊഴിൽ സാധ്യത കൂടുന്നത് സന്തോഷകരമെന്ന് NAIT-യിലെ രണ്ടാം വർഷ പ്ലംബിംഗ് വിദ്യാർത്ഥിയായ ജേസൺ ഓർ പറഞ്ഞു. ബിൽഡ്ഫോഴ്‌സിൻ്റെ കണക്കനുസരിച്ച്, അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനുകൾ 50 ശതമാനം വർദ്ധിച്ചു കഴിഞ്ഞു. ഡിമാൻഡ് കണക്കിലെടുത്ത് ഒരു പുതിയ പഠന കേന്ദ്രം നിർമ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പോളിടെക്നിക്. ജീവനക്കാരെ നിലനിർത്തുന്നത് വലിയ വെല്ലുവിളിയാണെങ്കിലും കൂടുതൽ ദീർഘകാല പ്രധാന പദ്ധതികൾ വരാനിരിക്കുന്നതിനാൽ, അതും പരീക്ഷിക്കാവുന്നതാണെന്ന് ആൽബെർട്ടയിലെ ബിൽഡിംഗ് ട്രേഡ്‌സ് പറയുന്നു.