ബ്രിട്ടീഷ് കൊളംബിയയില്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ വിറ്റ മൊബൈല്‍ഫോണ്‍, ഇടപാട് കഴിഞ്ഞ് 10 മിനിറ്റിന് ശേഷം വ്യാജമാണെന്ന് കണ്ടെത്തി. മൊബൈല്‍ഫോണ്‍ വാങ്ങിയയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് ബീസി സിവില്‍ റെസല്യൂഷന്‍ ട്രിബ്യൂണലിലെത്തി. ഇന്ത്യന്‍ സ്വദേശിയായ കുല്‍വീന്ദര്‍ ഖാന്‍ഗുരയില്‍ നിന്ന് വാങ്ങിയ സാംസങ് ഗാലക്‌സി എസ് 23 അള്‍ട്രാ നിലവാരം കുറഞ്ഞ വ്യാജ ഫോണായിരുന്നുവെന്ന് പരാതിക്കാരനായ ഡെറക് ഗാര്‍ണര്‍ ഉന്നയിക്കുന്നു. അതേസമയം, സ്മാര്‍ട്ട്‌ഫോണ്‍ 'റീഫണ്ടില്ല' എന്ന് അറിയിച്ചാണ് വിറ്റതെന്ന് ഖാന്‍ഗുരയും അവകാശപ്പെട്ടു.
2024 ജനുവരി 7 നാണ് ഗാര്‍ണറും ഖാന്‍ഗുരയും തമ്മില്‍ ഇടപാട് നടന്നത്. ഗാലക്‌സി എസ് 23 അള്‍ട്രാ എന്ന് ലേബല്‍ ചെയ്ത ഒരു ബോക്‌സിലാണ് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിയത്. അതില്‍ ഒരു സീരിയല്‍ നമ്പറും ഉണ്ടായിരുന്നു. എന്നാല്‍ അത് വ്യാജ ഫോണായിരുന്നു. പ്രതിവാദി ഫോണ്‍ വ്യാജമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ട്രിബ്യൂണല്‍ ഫോണ്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഖാന്‍ഗുര ഗാര്‍ണറിന് സ്മാര്‍ട്ട്‌ഫോണിന് നല്‍കിയ 500 ഡോളര്‍ തിരികെ നല്‍കാനും മുന്‍കൂര്‍ പലിശയായി 29.27 ഡോളര്‍ നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു.