വാന്‍കുവറില്‍  ടെസ്ല കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വലിയ പാറക്കഷ്ണം വന്നിടിച്ചു; ഗര്‍ഭിണിക്ക് ഗുരുതര പരുക്ക്; പോലീസ് അന്വേഷണം ശക്തമാക്കി 

By: 600002 On: Apr 5, 2025, 10:31 AM

 


വാന്‍കുവറില്‍ ടെസ്ല കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ വലിയ പാറക്കഷ്ണം ശക്തിയായി ഇടിച്ചുകയറി ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ വാന്‍കുവര്‍ പോലീസ് അന്വേഷണം ശക്തമാക്കി. മാര്‍ച്ച് 30 ഞായറാഴ്ച രാത്രി 8.45 ഓടെ ഈസ്റ്റ് 27 അവന്യുവിന് സമീപം നനൈമോ സ്ട്രീറ്റീലൂടെ സഞ്ചരിക്കുകയായിരുന്ന ടെസ്ല കാറിനു നേരെയാണ് വലിയ പാറക്കഷ്ണം ഇടിച്ചതെന്ന് വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. രണ്ട് പൗണ്ട് ഭാരമുള്ള ഒരു പാറക്കഷ്ണം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചില്ല് പൊട്ടി പാറക്കഷ്ണം കാറിനുള്ളില്‍ വീണു. ഗുരുതരമായ പരുക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി സുഖംപ്രാപിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. 

സംഭവം ക്രിമിനല്‍ നടപടിയാണോയെന്നും ആരെങ്കിലും യുവതിയെ ലക്ഷ്യമാക്കി മന:പൂര്‍വ്വം നടത്തിയ ആക്രമണമാണോ എന്നതും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. പാറ എവിടെ നിന്നാണ് വന്നതെന്നോ ഇടിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ ഇപ്പോള്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

ടെസ്ല കാറുകള്‍ക്ക് നേരെ സമീപകാലത്തായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമാണോ ഈ ആക്രമണം എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വാന്‍കുവറിലടക്കം നിരവധി സ്ഥലങ്ങളില്‍ ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടന്ന സംഭവത്തിന് പ്രതിഷേധങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചു.