കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു. മാർച്ചിൽ 33,000 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതേ തുടർന്ന് തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ ഉയർന്ന് 6.7% ആയി. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ തൊഴിൽ നഷ്ടമാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനം ആയിരുന്നു.
ഈ മാസം 62,000 മുഴുവൻ സമയ ജോലികൾ നഷ്ടമായതായാണ് റിപ്പോർട്ട്. എന്നാൽ പാർട്ട് ടൈം ജോലിയിലെ വർദ്ധനവ് ഇതിന് ഒരു പരിധിവരെ പരിഹാരമായി. കഴിഞ്ഞ വർഷം അവസാനത്തോടെ തൊഴിൽ വിപണിയിൽ കണ്ട ഉണർവ്വ് മന്ദീഭവിക്കുകയാണെന്നാണ് ഏറ്റവും പുതിയ ഡാറ്റകൾ നല്കുന്ന സൂചന. ജനുവരിയിൽ 76,000 പുതിയ തൊഴിലവസരങ്ങളും ഡിസംബറിൽ 91,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടപ്പോൾ ഫെബ്രുവരിയിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെട്ടില്ല. തുടർന്ന് യുഎസ് താരിഫുകൾ മൂലമുണ്ടായ വർദ്ധിച്ച അനിശ്ചിതത്വത്തിനിടയിലാണ് പുതിയ തിരിച്ചടി ഉണ്ടായത്. യുഎസുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിൻ്റെ സാധ്യതയെ മുന്നിൽക്കാണുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധൻ ടു ങ്‌യുയെൻ പറഞ്ഞു. മാർച്ചിൽ വ്യാപാര മേഖലയിൽ ധാരാളം പിരിച്ചുവിടലുകൾ ഉണ്ടായി. ഏപ്രിലിൽ കൂടുതൽ പിരിച്ചുവിടലുകളും തൊഴിലില്ലായ്മ നിരക്കിൽ വർധനയുമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.